പരീക്ഷണം വിജയം, ഡിവൈഡറുകൾ സ്ഥിരമാക്കണമെന്നാവശ്യം

Mail This Article
രാമനാട്ടുകര ∙ നഗരത്തിൽ അപകടങ്ങൾക്ക് തടയിടാൻ പാർക്ക് ജംക്‌ഷനിൽ സ്ഥാപിച്ച താൽക്കാലിക ഡിവൈഡറുകൾ ഫലം കണ്ടിട്ടും സ്ഥിരം നിർമാണത്തിനു നടപടിയില്ല. പതിവായി അപകടങ്ങളുണ്ടായ കവലയിൽ പരിഹാര നടപടിയെന്നോണം 4 മാസം മുൻപാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിവൈഡർ ഒരുക്കിയത്.
എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ നടത്തിയ ഇടപെടൽ നഗരത്തിൽ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായകവുമായി. യൂണിവേഴ്സിറ്റി റോഡും എയർപോർട്ട് റോഡും ചേരുന്ന ജംക്‌ഷനിൽ നേരത്തേ ദിവസം 2 അപകടമെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നു. ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഡിവൈഡർ സ്ഥാപിച്ചതോടെ അപകടങ്ങൾക്ക് ശാശ്വത പരിഹാരമായി. പരീക്ഷണം വിജയകരമായാൽ സ്ഥിരം ഡിവൈഡർ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടി വൈകുകയാണ്. റോഡിനു നടുവിൽ മണൽ ചാക്ക് വച്ചുറപ്പിച്ചാണ് താൽക്കാലിക ഇരുമ്പ് ഡിവൈഡർ ഒരുക്കിയത്.
ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ ഇതു മറിഞ്ഞു വീഴുമെന്ന സ്ഥിതിയുണ്ട്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഒൻപതാം മൈൽസ് ഭാഗത്ത് ഡിവൈഡർ പുനർനിർമാണ പ്രവൃത്തി നടക്കുന്നുണ്ട്. ഇതു പൂർത്തിയായാൽ തോട്ടുങ്ങൽ മുതൽ എട്ടേനാല് വരെയുള്ള റോഡ് ടാറിങ് പ്രവൃത്തി പുനരാരംഭിക്കും. പാർക്ക് ജംക്‌ഷനിലെ ഡിവൈഡർ സ്ഥിരപ്പെടുത്തുന്ന പ്രവൃത്തി ഇതോടൊപ്പം നടത്തിയാൽ അപകടങ്ങൾക്ക് പരിഹാരമാകും എന്നതിനൊപ്പം നഗരത്തിന്റെ മുഖഛായ മാറ്റാനും കഴിയും