കന്യാകുമാരിയിലേക്ക് ബൈക്കിൽ വനിതാസംഘം

Mail This Article
കോഴിക്കോട് ∙ ജോലിയുടെയും വീടിന്റെയും തിരക്കിൽ നിന്നു യാത്രയുടെ ആഹ്ലാദത്തിലേക്കാണ് അവർ ബൈക്ക് ഓടിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 12 സ്ത്രീകളാണ് കാസർകോട് നിന്നു കന്യാകുമാരിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കോഴിക്കോട് ബീച്ചിലെത്തിയത്. പലവിധ ജോലികളിൽ പലയിടത്തായി കഴിയുന്ന ഈ സ്ത്രീകളെ ഒന്നിപ്പിക്കുന്നത് ബൈക്ക് റൈഡ് എന്ന വികാരമാണ്. കാലിക്കറ്റ് റൈഡേഴ്സ് ഫാമിലി (സിആർഎഫ്) യുടെ വനിത സംഘമാണ് ഈ യാത്രയ്ക്കു മുൻകയ്യെടുത്തത്.
ഇവരുടെ ഇൻസ്റ്റാഗ്രാം പേജായ വിമൺ ഓൺ വീൽ വഴിയാണ് വിവിധ ജില്ലകളിൽ നിന്നുള്ള ബൈക്ക് റൈഡിൽ തൽപരരായ സ്ത്രീകൾ ഒന്നിച്ചത്. ഇവരിൽ ഡോക്ടർമാരും എൻജിനിയർമാരും ഐടി പ്രഫഷനലുകളും വീട്ടമ്മമാരും എല്ലാമുണ്ട്. വിശാഖപട്ടണം സ്വദേശിയും കൊച്ചി ഇൻഫോസിസിലെ ഐടി ജീവനക്കാരിയുമായ രമ്യയാണ് (23) ഏറ്റവും പ്രായം കുറഞ്ഞയാൾ. കണ്ണൂരിൽ നിന്നുള്ള കെഎസ്ഇബി എൻജിനീയർ സ്മൃതിയാണ് മുതിർന്നയാൾ.ഇന്നലെ പുലർച്ചെ 5 നു കാസർകോട് നിന്നു പുറപ്പെട്ട സംഘം രാവിലെ 9ന് കോഴിക്കോട് ബീച്ചിലെത്തി. കോഴിക്കോട്ടെ സിആർഎഫ് പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര തുടർന്നു.