ADVERTISEMENT

കരിപ്പൂർ ∙ നിപ്പ നിയന്ത്രണവിധേയമായെന്നു സർക്കാർ അവകാശപ്പെടുമ്പോഴും പഴം –പച്ചക്കറി കയറ്റുമതിക്ക് കോഴിക്കോട് വിമാനത്താവളത്തിനു മാത്രം സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിലക്ക് തുടരുന്നു. ‘നിപ്പ ഫ്രീ’ സർട്ടിഫിക്കറ്റ് സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾക്കെല്ലാം നൽകിയിട്ടും കോഴിക്കോട് വിമാനത്താവളത്തെ മാത്രം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചില്ലെന്ന് കയറ്റുമതി ഏജൻസികൾ കുറ്റപ്പെടുത്തുന്നു.

നിപ്പയുടെ പേരിൽ യുഎഇയിലെ വിമാനത്താവളങ്ങളിലേക്കാണ് കർശന നിബന്ധനയുള്ളത്. പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യണമെങ്കിൽ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കയറ്റുമതി വിഭാഗത്തിൽനിന്ന് ആവശ്യമായ പിക്യു (പ്ലാന്റ് ക്വാറന്റീൻ) സർട്ടിഫിക്കറ്റിനു പുറമേ, ആരോഗ്യവകുപ്പിന്റെ നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് കൂടി വേണമെന്നാണ് യുഎഇ സർക്കാരിന്റെ നിർദേശം. ആരോഗ്യവകുപ്പിന്റെ അനുമതി സംബന്ധിച്ച വിവരം പിക്യു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.

അതിനുള്ള അനുമതി ആരോഗ്യവകുപ്പ് നൽകാത്തതിനാൽ 3 ആഴ്ചയോളമായി യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പഴം, പച്ചക്കറി കയറ്റുമതി നടക്കുന്നില്ല. മറ്റു വിദേശ രാജ്യങ്ങളിലേക്ക് ‘പിക്യു’ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നതിനാൽ കയറ്റുമതിക്കു നിലവിൽ പ്രശ്നമില്ല. പഴം, പച്ചക്കറികൾ കൂടുതലായി എത്തുന്നത് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ്.  അവയുടെ പാക്കിങ് യൂണിറ്റ് മാത്രമാണ് കരിപ്പൂരിൽ പ്രവർത്തിക്കുന്നത്. കരിപ്പൂരിൽനിന്ന് കയറ്റുമതി അനുമതിയില്ലാത്തതിനാൽ കയറ്റുമതിക്കു മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഏജൻസികൾ.

കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local

അടുത്തുള്ളത് കണ്ണൂർ; എന്നിട്ടും വിലക്ക് കോഴിക്കോടിന് 

കരിപ്പൂർ ∙ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ്പയുടെ പേരിലാണു കോഴിക്കോട് വിമാനത്താവളത്തിലെ കയറ്റുമതി നിയന്ത്രണം. അതിലെ പ്രായോഗികത കയറ്റുമതി ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. പേരിൽ ‘കോഴിക്കോട്’ ഉള്ള വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ്. നിപ്പയുടെ ഉറവിടകേന്ദ്രവുമായി ഒത്തുനോക്കുമ്പോൾ കരിപ്പൂരിനെക്കാൾ അടുത്തുള്ള വിമാനത്താവളം കണ്ണൂർ ആണെന്നും കണ്ണൂരിൽനിന്ന് യുഎഇയിലേക്ക് പഴം, പച്ചക്കറി കയറ്റുമതിക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയെന്നും കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു. നിപ്പ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ നിയന്ത്രണം പുനഃപരിശോധിക്കണമെന്നും കയറ്റുമതി ഏജൻസികൾ ആവശ്യപ്പെടുന്നു.

English Summary: Export Agencies Express Frustration as Nipah Ban Extends to Kozhikode Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT