ADVERTISEMENT

ഈക്കിഗയ് രീതികളെക്കുറിച്ചുള്ള പുസ്തകങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരൻ ഫ്രാൻസെസ്ക് മിറാലെസ്സിനെ ആദ്യം ആകർഷിച്ചത് ഇന്ത്യൻ സംസ്കാരമാണ്. ജീവിതത്തിന്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് അതു തനിക്കും മറ്റുള്ളവർക്കും സന്തോഷം വരുത്തുംവിധം പ്രായോഗികമാക്കുക എന്നതാണ് ‘ഈക്കിഗയ്’. ജപ്പാനിലെ ഒക്കിനാവ പ്രദേശത്തെ ആളുകളുടെ ജീവിതരീതി അതാണ്. എല്ലാം അവർക്കു സന്തോഷമാണ്. അതിനാൽ തന്നെ നൂറു വയസ്സിനപ്പുറം ജീവിക്കുന്നവരുടെ എണ്ണവും അവിടെ കൂടുതലാണ്. കോഴിക്കോട്ട് എത്തിയ അദ്ദേഹം ഈക്കിഗയ് തിരിച്ചറിവുകളെക്കുറിച്ചും തന്റെ എഴുത്തു ജീവിതത്തെക്കുറിച്ചും  മനോരമയുമായി മനസ്സു തുറക്കുന്നു 

എവിടെനിന്നാണ് ഫ്രാൻസെസ്ക് യാത്ര തുടങ്ങിയത്? 

∙ എന്നെ ആദ്യം സ്വാധീനിച്ചത് ജപ്പാനല്ല, ഇന്ത്യയാണ്. എനിക്ക് പതിന്നാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ ഇന്ത്യയിൽനിന്നുള്ള അനേകം പുസ്തകങ്ങ ൾ വായിച്ചു തുടങ്ങിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട നോവലുകൾ വായിച്ചു. ജിദ്ദു കൃഷ്ണമൂർത്തിയെയും രമണ മഹർഷിയെയുമൊക്കെ വായിച്ചതോടെ ഇന്ത്യ ൻ സംസ്കാരത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇന്ത്യയിലൂടെ സ ഞ്ചരിക്കണമെന്ന് അന്നൊക്കെ ഏറെ ആഗ്രഹിച്ചിരുന്നു.

പക്ഷേ അതു സാധ്യമായത് മുപ്പത്തിയൊന്നാംവയസ്സിലാണ്. 1998ൽ ഇന്ത്യയിൽ എത്തിയപ്പോൾ ഒരു നോട്ട് ബുക്കും പേനയും വാങ്ങിയാണ് യാത്ര ചെയ്തത്. ഒരു മാസത്തോളം ഇതിലെ യാത്ര ചെയ്തു. ചെല്ലുന്നിടത്തു നിന്നെല്ലാമുള്ള കുറിപ്പുകൾ എഴുതിവച്ചു. അന്ന് ഇന്ത്യയിൽ വച്ചാണ് ഞാനെന്റെ ആദ്യ നോവലായ ‘ലോസ്റ്റ് ഇൻ ബോംബെ’ എഴുതിയത്.

ഇന്ത്യയുടെ വൈവിധ്യമാണ് എന്നെ ഞെട്ടിച്ചത്. തെരുവുകളിൽ ഹിന്ദു ക്ഷേത്രവും പള്ളിയുമൊക്കെ അടുത്തടുത്ത് കാണാം. സന്യാസിമാരെയും ജൈന ഭിക്ഷുക്കളെയും കാണാം. ഒരു വലിയ ലോകം ഒരു ചെറിയ സ്ഥലത്തേക്ക് ആവാഹിച്ചതു പോലെയാണ് എനിക്ക് തോന്നിയത്. പിന്നീട് പല തവണ ഞാൻ ഇന്ത്യയിലേക്ക് തിരികെവന്നു. 

ഫ്രാൻസെസ്ക് എന്ന എഴുത്തുകാരൻ തന്റെ ഈക്കിഗയ് കണ്ടെത്തിയത് എങ്ങനെയാണ് ?

∙ ഞാനും സുഹൃത്ത് ഹെക്ടർ ഗാർഷ്യയും ചേർന്നാണ് ഈക്കിഗയ് പുസ്തകമെഴുതിയത്. ഞങ്ങൾ ഒരുമിച്ചാണ് ഒക്കിനാവയിലേക്ക് പോയത്. സുഹൃത്തിന്റെ ഭാര്യ ഒക്കിനാവക്കാരിയാണ്. ഭാര്യാപിതാവാണ് സെന്റിനേറിയൻ (നൂറു കടന്നവരുടെ) ഗ്രാമങ്ങളിലേക്ക് പോകണമെന്ന് ഞങ്ങളോടു പറഞ്ഞത്. അവിടെ ഞങ്ങൾ ജീവിതം കണ്ടെത്തി. നൂറു പേരോടു സംസാരിച്ചു. അവരുടെ പല പല വിവരങ്ങൾ ശേഖരിച്ചു. അവരുടെ ജോലി രീതികൾ, ജീവിതരീതികൾ, കായിക വിനോദങ്ങൾ, ഭക്ഷണ രീതികൾ തുടങ്ങിയവയെല്ലാം കുറിച്ചെടുത്തു. അങ്ങനെയാണ് ഈക്കിഗയ് എന്ന പുസ്തകം എഴുതിയത്.

‘ഒക്കിനാവ’യിലെ ജീവിതാനുഭവം എങ്ങനെയായിരുന്നു? 

∙ ഒക്കിനാവയിലെ ജനങ്ങളും ഇന്ത്യക്കാരും ഒരുപോലെയാണ്. ജപ്പാനിലെ പ്രധാന നഗരമായ ടോക്കിയോയിലെ ഒരാളും ഇന്ത്യയിലെ ഒരാളും പരസ്പരവിരുദ്ധമായ സ്വഭാവമുള്ളവരാണ്. ടോക്കിയോയിലെ ആളുകൾ ലജ്ജാലുക്കളാണ്. ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ തന്നെ ടോക്കിയോയിലെ വ്യക്തിക്കു മടിയാണ്.

അവർ ജോലി ചെയ്യാനാണ് ജീവിക്കുന്നത്. എന്നാൽ ഒക്കിനാവക്കാർ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരാണ്. അവർ സാമൂഹികജീവിതം ആഘോഷിക്കുകയാണ്. അവർ വീട്ടിൽ ഒരു ഭക്ഷണമുണ്ടാക്കിയാൽ അ യൽവാസികളെ വീട്ടിലേക്ക് ക്ഷണിക്കും. ഒരുമിച്ചിരുന്ന് ഭ ക്ഷണം കഴിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. അവർ സന്തോഷത്തോടെ ഇരിക്കുന്നതിന്റെ കാരണവും അതാണ്.

ജീവിതം എങ്ങനെ ആഘോഷിക്കണമെന്ന് അവർക്കറിയാം. സമതുലിതമായ പോഷകമൂല്യമുള്ള ഭക്ഷണക്രമമാണ് അവർ പിന്തുടരുന്നത്. നല്ല നർമബോധം കാത്തുസൂക്ഷിക്കുന്നു. ജീവിതത്തിലെ നൂലാമാലകളെ അകറ്റി നിർത്താൻ അങ്ങനെ കഴിയുന്നു.ഒരു സ്ഥലത്ത്  ഗ്രാമീണ സംസ്കാരമാണോ നാഗരിക സംസ്കാരമാണോ ഉള്ളത് എന്നതാണ് ഈക്കിഗയെ ബാധിക്കുന്നത്. 

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലായാലും സ്പെയിനിലെ ഗ്രാമീണ മേഖലയിലായാലും ജീവിതം ഒരുപോലെയാണ്. ഒരു ചെറിയ ജനസമൂഹം ഒരുമിച്ച് കൃഷി ചെയ്യുന്നു. അതു പങ്കിട്ടു കഴിക്കുന്നു. ഈ ആവേശം നഗരത്തിൽ ജീവിക്കുമ്പോൾ കിട്ടില്ല. അവിടെ സുഹൃത്തുക്കളെ കണ്ടുമുട്ടാനും പരസ്പരം ആശയവിനിമയം നടത്താനുമൊന്നും സമയം കിട്ടില്ല. എല്ലാവരും ജോലിത്തിരക്കിലായിരിക്കും. ഒറ്റയ്ക്കൊറ്റയ്ക്കാണു നഗരജീവിതം. സമൂഹമെന്ന കാഴ്ചപ്പാട് ഇല്ലാതാവുന്നു.

ഈക്കിഗയ് രീതിയിൽ ആരോഗ്യസംരക്ഷണം എങ്ങനെയാണ്?

∙ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ അനേകം വഴികളുണ്ട്. അതിരാവിലെ സൂര്യനൊപ്പം എഴുന്നേൽക്കുകയും പ്രകൃതിയിലേക്ക് ഇറങ്ങുകയും ചെയ്യുന്നതാണ് ഈക്കിഗയ് രീതി. രാവിലെ 6ന് എഴുന്നേറ്റാലും മുറി അടച്ചിരുന്നു ലാപ്ടോപ്പിൽ പണിയെടുത്താൽ എന്തു കാര്യമാണുള്ളത്.

‘ക്രോണോ ബയോളജി’ എന്ന ശാസ്ത്രശാഖ വികസിച്ചു വരികയാണ്. ശരീരത്തിനകത്ത് ഒരു ജൈവ ഘടികാരമുണ്ട്. പുറത്ത് പ്രകൃതിക്ക് ഒരു ഘടികാരമുണ്ട്. ഇതു രണ്ടും ഒരേപോലെ പ്രവർത്തിക്കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. സൂര്യൻ ഒരു വലിയ ക്ലോക്കാണ്. രാവിലെ സൂര്യൻ ഉദിക്കുമ്പോൾ നമ്മൾ എഴുന്നേൽക്കുകയും സൂര്യൻ ഉറങ്ങുമ്പോൾ ഉറങ്ങുകയും ചെയ്യുകയാണെങ്കിൽ രണ്ടു ക്ലോക്കുകളും ഒരുപോലെ പ്രവർത്തിക്കുന്നു. ദഹനവും പ്രവർത്തനവുമൊക്കെ ഒരേ പോലെയാകുന്നു.

ഒക്കിനാവയിലെ ജനങ്ങൾ വെയിലേറ്റ് പണിയെടുക്കുന്നു. തണലുകളിലിരിക്കുന്നു, അയൽവാസികളെത്തേടി നടന്നു പോകുന്നു. ഒരുമിച്ചിരുന്ന് സംസാരിക്കുന്നു. വിശക്കുമ്പോൾ അവർ വയറിന്റെ 80% മാത്രം നിറയാനുള്ള ഭക്ഷണം കഴിക്കുന്നു. അവർക്ക് ഫോണുണ്ട്. ടിവിയുണ്ട്. ആധുനിക സംവിധാനങ്ങൾ‍ എല്ലാമുണ്ട്. എങ്കിലും അവർ ഡിജിറ്റലിൽ അല്ല ജീവിക്കുന്നത്. അവർ ജോലി ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഇത്തരം ഉപകരണങ്ങൾ മാറ്റിവയ്ക്കും. സമ്പന്നമായ സാമൂഹിക ജീവിതമാണ് അവരുടെ ശക്തി. അവർ പരസ്പരം സഹായിക്കുന്നു. പല തവണ പരസ്പരം കാണുന്നു. സാമ്പത്തികമായി പരസ്പരം താങ്ങാകുന്നു.  പ്രകൃതിക്കൊപ്പം, സുഹൃത്തിനൊപ്പം ജീവിക്കുമ്പോൾ അവരുടെ ജീവിതത്തിൽ  അർഥമുണ്ടാകുന്നു. മൂല്യമുണ്ടാകുന്നു. ജീവിതത്തിൽ ഈക്കിഗയ് ഉണ്ടാവുന്നു. ജീവിതത്തിലെ ഈക്കിഗയ് കണ്ടെത്തുകയും അതിനൊത്തു  ജീവിക്കുകയുമാണ് വേണ്ടത്.

കേരളത്തിലും കുട്ടികളുടെ മൊബൈൽ അഡിക്‌ഷനാണ് രക്ഷിതാക്കളുടെ പ്രധാന തലവേദന. എന്താണ് പരിഹാരം? 

∙ തന്റെ കുട്ടികൾക്ക് മൊബൈൽ അഡിക്‌ഷനുണ്ടെന്ന് പറയുന്ന രക്ഷിതാക്കൾ എത്രത്തോളം സ്ക്രീനിൽ നിന്നു മുക്തരാണ്? ഏകാന്തതയോടു പോരാടാനാണ് പലപ്പോഴും കുട്ടികൾ മൊബൈൽ ഫോണിലേക്ക് തിരിയുന്നത്. അവരുടെ ഉള്ളിലെ വേദന പങ്കുവയ്ക്കാൻ‍ രക്ഷിതാക്കൾ സമയം കണ്ടെത്തണം.

English Summary: Discover the Secrets of Eikigai: Renowned Author Francesque Miralles Reveals the Key to a Happy Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT