ചെറുപ്പ ആശുപത്രിയിൽ ജീവനക്കാർ കുറവ് ; പൊട്ടിയ ടൈൽ മാറ്റാൻ പോലും നടപടിയില്ല

Mail This Article
മാവൂർ ∙ ചെറൂപ്പ ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിത്സ തേടുന്നവർക്ക് പരുക്കേൽക്കുന്ന അവസ്ഥ. ഒപി വിഭാഗം വരാന്തയിലെ ടൈലുകൾ പൊട്ടിയും പൊളിഞ്ഞും നശിച്ചു. രോഗികളുടെ കാലിൽ മുറിവേൽക്കാൻ തുടങ്ങിയിട്ടും പൊട്ടിയ ടൈലുകൾ മാറ്റിയിടാൻ നടപടിയെടുത്തില്ല.
ആശുപത്രിയിലെ ഒപി സമയം വൈകിട്ട് 6 വരെ ദീർഘിപ്പിച്ചിരുന്നെങ്കിലും ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരെ ഇതുവരെ നിയമിച്ചിട്ടില്ല. ദിനം പ്രതി എണ്ണൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഒരാളെ താൽക്കാലികമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ചിട്ടുണ്ടെങ്കിലും ഒരാൾ അവധിയെടുത്താൽ ഫാർമസി അടച്ചിടേണ്ട അവസ്ഥയാണ്.
ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം ഒരു മാസത്തിനകം കാര്യക്ഷമമാക്കുന്നതിന് നടപടിയെടുക്കുമെന്നു മന്ത്രി വീണാ ജോർജ് പലതവണ പറഞ്ഞതല്ലാതെ ഒരു മാസം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. ഇതുവരെ ഒരാളെ പോലും ആശുപത്രിയിൽ നിയമിച്ചിട്ടില്ല.