പെരുവണ്ണാമൂഴി, കക്കയം, ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

Mail This Article
കൂരാച്ചുണ്ട് ∙ ഡാം വൃഷ്ടിപ്രദേശത്തു മഴ ശക്തമായതോടെ കക്കയം ജലവൈദ്യുതി പദ്ധതിയുടെ കക്കയം ഡാമിൽ ജലനിരപ്പു വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ അളവു വർധിച്ചതോടെ ഇന്നലെ ജലനിരപ്പ് 2469 അടിയായി ഉയർന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 2487 അടി ആണ്. ജലനിരപ്പ് 2480 അടിയിൽ കൂടുമ്പോൾ ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്ന് ജലമൊഴുക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ ഇന്നലെ ജലനിരപ്പ് 38.48 മീറ്റർ ആയി ഉയർന്നു.
2022 സെപ്റ്റംബർ 30ന് ഡാമിലെ ജലത്തിന്റെ അളവ് 38.85 മീറ്റർ ആയിരുന്നു. മഴ വർധിച്ചതോടെയാണു കഴിഞ്ഞ ആഴ്ചകളായി കുറവായിരുന്ന വെള്ളത്തിന്റെ അളവ് വർധിച്ചത്. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഇപ്പോൾ ഡാമിൽ നിന്നാണു വെള്ളം ശേഖരിക്കുന്നത്. ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു കുറ്റ്യാടി പുഴയിലേക്കു ജലം ഒഴുക്കുന്നുണ്ട്.