ADVERTISEMENT

കോഴിക്കോട്∙ തോരാതെ പെയ്ത മഴയിൽ ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ. ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. കോടഞ്ചേരിയിൽ മതിലിടിഞ്ഞുവീണു വീട്ടമ്മയ്ക്കു പരുക്കേറ്റു. കാളാണ്ടിത്താഴത്ത് വെള്ളക്കെട്ട് കടക്കവേ ഓടയിൽ വീണ് വീട്ടമ്മയ്ക്കു പരുക്കേറ്റു.

ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്തത് 9.14 സെന്റീമീറ്റർ മഴയാണ്. നഗരപ്രദേശത്തു മാത്രം 24 മണിക്കൂറിനിടെ പെയ്തത് 5.32 സെന്റീമീറ്റർ മഴയാണ്. വെള്ളിയാഴ്ച ജില്ലയിൽ 8.8 സെന്റീമീറ്റർ മഴ ലഭിച്ചപ്പോൾ നഗരപ്രദേശത്ത് 3.3 സെന്റീമീറ്റർ മഴയാണ് ലഭിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ആറിനും എട്ടിനുമിടയ്ക്ക് കോഴിക്കോട് നഗരപ്രദേശത്തു 2.04 സെന്റീമീറ്റർ മഴ പെയ്തു. മഴ കനത്തതിനാൽ ജില്ലയിൽ കലക്ടർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പും ഉയർ‍ന്നിട്ടുണ്ട്.

മഴയിൽ വീടിന്റെ  പിൻഭാഗത്ത് മണ്ണിടിഞ്ഞു  വീണു പരുക്കേറ്റ മാനംകുന്നുമ്മൽ ജാനകി  താമരശ്ശേരി  താലൂക്ക് ആശുപത്രിയിൽ.
മഴയിൽ വീടിന്റെ പിൻഭാഗത്ത് മണ്ണിടിഞ്ഞു വീണു പരുക്കേറ്റ മാനംകുന്നുമ്മൽ ജാനകി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.

∙ കോടഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞുവീണ് മൈക്കാവ് വിന്നേഴ്സ്മുക്ക് മാനാംകുന്നിൽ ഗോപാലന്റെ ഭാര്യ ജാനകിക്കു (61) പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ കാളാണ്ടിത്താഴം – വിരുപ്പിൽ റോഡിൽ തണൽ സ്റ്റോപ്പിനടുത്ത് കാൽനട യാത്രക്കാരിക്ക് ഓടയിൽ വീണു പരുക്കേറ്റു. ഈസ്റ്റ് വെള്ളിമാടുകുന്ന് അച്ഛൻകണ്ടിയിൽ ശോഭ നാരായണനാണ് പരുക്കേറ്റത്. ഇടത്തേക്കാലിനു പരുക്കേറ്റ ശോഭയെ വെള്ളിമാടുകുന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ ഇന്നലെ രാവിലെ പത്തിന് കോഴിക്കോട് കിഴക്കേ നടക്കാവ് കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനു സമീപത്തെ കെട്ടിടം തകർന്നുവീണു. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഏറ്റെടുത്ത നടക്കാവ് റോഡരികിലെ കെട്ടിടം മഴയത്തു തൊട്ടടുത്ത വീടിനു മുന്നിലേക്കാണ് തകർന്നു വീണത്. ഓടുമേഞ്ഞ ഇരുനില കെട്ടിടമാണ് വീണത്.
∙ മുക്കം നഗരസഭയിലെ നെല്ലിക്കാപൊയിൽ മാപ്പിളക്കുന്നത്ത് മനോജ് കുമാറിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.
∙ പന്തീരാങ്കാവ് അറപ്പുഴ വയൽക്കരയിൽ മരങ്ങൾ വീണു. ഒളവണ്ണ കോട്ടക്കളത്ത് മീത്തൽ ഭാസ്കരന്റെ വീടിനു സമീപത്തെ വൻ ഭിത്തി വീടിന്മേൽ തകർന്നു വീണു.
∙ എകരൂൽ അങ്ങാടിയിലെ കടകളിൽ വെള്ളം കയറി. കിനാലൂർ എസ്റ്റേറ്റ് മുക്ക് - തലയാട് റോഡിൽ കെഎസ്ആർടിസി ബസ് താഴ്ന്നു.
∙ ബാലുശ്ശേരിയിലെ കടകളിൽ വെള്ളം കയറി നാശനഷ്ടം. കെഎസ്എഫ്ഇ പ്രവർത്തിക്കുന്ന കെട്ടിടത്തിലും തൊട്ടടുത്ത കെട്ടിടത്തിലുമുള്ള, കീഴമ്പത്ത് ആബിദിന്റെ കടകളിലാണ് വെള്ളം കയറിയത്.
∙ ശക്തമായ കാറ്റിൽ കീഴരിയൂർ കുപ്പേരിക്കണ്ടി മീത്തൽ നാരായണന്റെ വീടിനു മുകളിൽ വൻ മഞ്ചാടി മരം കടപുഴകി വീണ് വീട് തകർന്നു. ആളപായമില്ല.
∙ അരിക്കുളം ഏക്കാട്ടൂർ ട്രാൻസ്‌ഫോമറിനടുത്ത് തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. എച്ച്ടി എൽടി ലൈനിലാണു തെങ്ങ് വീണത്. അഞ്ചു ട്രാൻസ്‌ഫോമറുകളിൽ വൈദ്യുതി വിതരണം മുടങ്ങി.
∙ പെരുവയൽ പഞ്ചായത്തിലെ പെരിങ്ങൊളം –വരിയട്ട്യാക്ക് റോഡരികിലെ 6 വീടുകളിൽ വെള്ളം കയറി. ആനക്കുഴിക്കര അങ്ങാടിയിൽ റോഡ് വെള്ളത്തിനടിയിലായതോടെ ഏറെനേരം ഗതാഗതം താറുമാറായി. ഏതാനും കടകളിലും വെള്ളം കയറി. വെള്ളിപറമ്പ്, പൂവാട്ടുപറമ്പ്, പെരുവയൽ ഭാഗങ്ങളിലും മാവൂർ–കോഴിക്കോട് പ്രധാന റോഡ് വെള്ളത്തിനടിയിലായി.
∙ ദേശീയപാതയിൽ വികസനപ്രവർത്തനം നടക്കുന്ന ഭാഗത്ത് നന്തി ബസാർ മുതൽ മൂരാട് വരെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. മൂരാട്, അയനിക്കാട് കുറ്റിയിൽ പീടിക, പയ്യോളി ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം, പെരുമാൾപുരം, തിക്കോടി പഞ്ചായത്ത് ബസാർ, പാലൂർ, നന്തി ബസാർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഈ ഭാഗത്ത് നേരത്തേ കുണ്ടും കുഴികളും രൂപപ്പെട്ടിരുന്നു. പുഴ പോലെ വെള്ളക്കെട്ട് ആയതിനാൽ കുണ്ടും കുഴികളും തിരിച്ചറിയാൻ കഴിയാത്തത് അപകടമുണ്ടാക്കുന്നു.
∙ തടമ്പാട്ടുതാഴം ജംക്‌ഷനു സമീപം – ബാലുശ്ശേരി റോഡിൽ വെള്ളം കയറി ചെറിയ വാഹനങ്ങളുടെ യാത്ര മുടങ്ങി. സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കണ്ണാടിക്കൽ റോഡിൽ നേതാജി പ്രദേശത്ത് ജ്വാല റസിഡൻസ് പരിധിയിലെ 8 വീടുകളിൽ വെള്ളം കയറി. തൊട്ടടുത്ത കാട്ടിൽപറമ്പ് – ഗ്രാമമിത്ര റോഡിനു സമീപത്തെ കണ്ണാടിക്കൽ റോഡിനു സമീപം വെള്ളം കയറി 9 കുടുംബങ്ങൾ ദുരിതത്തിലായി.

ജില്ലയിലെനിയന്ത്രണങ്ങൾ

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തങ്ങൾ തടയുന്നതിനായി കലക്ടർ എ.ഗീത ജില്ലയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തരയാത്രകൾ അല്ലാത്തവ ഒഴിവാക്കണം.

മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥയുണ്ടെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം. അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങൾ മുറിച്ചു നീക്കണം. ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗങ്ങൾ ഉറപ്പാക്കണം. മണ്ണെടുത്തതു മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ദേശീയപാത അതോറിറ്റി ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT