പൊലീസിന്റെ സാന്നിധ്യത്തിൽ തുറന്ന വഴി വീണ്ടും അടച്ചു; ദലിത് കുടുംബങ്ങൾ വഴിയാധാരം

Mail This Article
എരഞ്ഞിക്കൽ ∙ പൊലീസിന്റെ സാന്നിധ്യത്തിൽ തുറന്ന വഴി ഒരു സംഘമാളുകൾ വീണ്ടും കെട്ടിയടച്ചതോടെ നാലു ദലിത് കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി അടഞ്ഞു. എലത്തൂർ പൊലീസിന്റെ നിർദേശം തള്ളിയാണ് നാല് ദലിത് കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വേലി കെട്ടി അടച്ചത്.
കോർപറേഷൻ 4–ാം വാർഡിൽപെട്ട എരഞ്ഞിക്കൽ തട്ടാംകണ്ടി പറമ്പിലേക്കുള്ള വഴിയാണിത്. ഒരു മാസത്തോളമായി വഴി സ്വകാര്യ വ്യക്തി അനധികൃതമായി വേലി കെട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്ന് സെപ്റ്റംബർ 9ന് എലത്തൂർ പൊലീസിൽ കുടുംബങ്ങൾ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ.സായൂജ്കുമാർ, അയൽവാസി ഗിരീഷ് പുറ്റാട്ടിൽ, പട്ടികജാതി വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, പരാതിക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സർവേ നടപടികൾ നടപ്പാക്കുന്നതുവരെ കെട്ടിയ വേലികൾ മാറ്റാൻ നിർദേശിച്ചതിനെ തുടർന്ന് പൊലീസ് വേലി പൊളിച്ചുമാറ്റിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഒരു സംഘം വീണ്ടും വേലി കെട്ടി വഴിയടച്ചതായാണ് പരാതി.
ഇതോടെ ചന്ദ്രകാന്തത്തിൽ സുനിൽകുമാർ, മണപ്പുറത്ത് രാജു, തട്ടാൻകണ്ടി വേലായുധൻ, ടി.കെ. സുനിൽകുമാർ എന്നിവരുടെ വഴിയാണ് തടസ്സപ്പെട്ടത്. ദലിത് കുടുംബങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു.
ദലിത് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത മുഴുവൻ പേർക്കെതിരെയും പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി വർഗ സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.