കനാൽ സൈഫൻ പൊളിഞ്ഞ ഭാഗം കെട്ടി അപായ സൂചക റിഫ്ലക്ടർ സംവിധാനവും ഒരുക്കി
Mail This Article
പേരാമ്പ്ര ∙ കനാൽ സൈഫൻ പൊളിഞ്ഞ ഭാഗം കെട്ടി അപായ സൂചക റിഫ്ലക്ടർ സംവിധാനവും ഒരുക്കി. പൈതോത്ത് താനിക്കണ്ടി റോഡിൽ മൊയോത്ത് ചാലിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ബ്രാഞ്ച് കനാൽ സൈഫൻ ഭിത്തി റോഡിലേക്ക് തള്ളി നിൽക്കുന്ന സ്ഥലത്ത് വാഹനങ്ങൾ ഇടിച്ച് അപകടത്തിൽ പെടുകയും ഭിത്തി തകരുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. ഇതേക്കുറിച്ചു കഴിഞ്ഞ ദിവസം മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് താൽക്കാലിക പരിഹാരമുണ്ടാക്കാൻ അധികാരികൾ തയാറായത്. റോഡിലേക്ക് തള്ളിനിൽക്കുന്ന ഭിത്തികളിൽ ഇരു ഭാഗത്തും അപായ സൂചകമായി ചുവന്ന റിഫ്ലക്ടർ വയ്ക്കുകയും തകർന്ന ഭിത്തി നന്നാക്കുകയും ചെയ്തു. എന്നാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി വീതി കൂടിയപ്പോൾ ഈ ഭാഗത്ത് കാൽനട യാത്രയ്ക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. ഇത് നിരന്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എത്രയും പെട്ടെന്ന് കനാൽ സൈഫൻ പുതുക്കിപ്പണിയാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.