42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Mail This Article
കോഴിക്കോട് ∙ ആന്ധ്രയിൽ നിന്നു കോഴിക്കോട്ടെത്തിയ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പേരാമ്പ്ര നൊച്ചാട് കൽപത്തൂർ കൂരാൻ തറമ്മൽ രാജേഷിനെ (48) ആണ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എൻ.റിമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു മലാപ്പറമ്പ് ജംക്‌ഷനു സമീപം ലോറി തടയുകയായിരുന്നു. ചരക്കില്ലാത്ത ലോറിയിൽ ടാർപോളിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന് ഡ്രൈവർ രാജേഷിനെ ലോറി സഹിതം കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് രണ്ടു കിലോ വീതം കഞ്ചാവ് നിറച്ച 21 കവർ കണ്ടെടുത്തു. ഡ്രൈവറുടെ ഫോൺ പരിശോധിച്ചതിൽ കഞ്ചാവ് ആന്ധ്രയിൽ നിന്നാണു കൊണ്ടു വരുന്നതെന്നു എക്സൈസിനു വ്യക്തമായി. വിപണിയിൽ 21 ലക്ഷം രൂപയിലധികം വില വരുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർമാരായ യു.പി.മനോജ് കുമാർ, പി.കെ.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ.എസ്.സന്ദീപ്, പി.പി.ജിത്തു, പി.വിപിൻ, മുഹമ്മദ് അബ്ദുൽ റഊഫ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.