ജലവിതരണം നിലച്ചിട്ട് 6 മാസം; പ്രശ്നം കണ്ടെത്താൻ റോഡ് കുഴിക്കണം, അതിന് 2 ലക്ഷം രൂപ പൊതുമരാമത്തിൽ കെട്ടിവയ്ക്കണം

Mail This Article
മുക്കം∙ ബില്ല് കൃത്യമായി ലഭിക്കുന്നു. പക്ഷേ ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. 6 മാസമായി മുക്കം അങ്ങാടിയിലും പരിസരത്തും ജല അതോറിറ്റിയുടെ ശുദ്ധജലം ലഭിക്കാതായിട്ട്. വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, ഗാർഹിക ഉപയോക്താക്കൾ, ഹോട്ടലുകൾ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിതരണം നിലച്ച് 6 മാസം പിന്നിട്ടു. അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിന് രൂപം നൽകിയിരിക്കുകയാണ്.
വെള്ളം ലഭിക്കുന്നില്ലെങ്കിലും ബില്ല് കൃത്യമായി വരുന്നതായി ഉപയോക്താക്കൾ പറയുന്നു. പി.സി.ജംക്‌ഷൻ മുതലാണ് ജല വിതരണം താറുമാറായത്. ബസ് സ്റ്റാൻഡ് പരിസരം, ആലിൻചുവട്, വില്ലേജ് ഓഫിസ് പരിസരം, പെരളിയിൽ, മൂലത്ത്, തുടങ്ങിയ ഭാഗങ്ങളിലെ വീടുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിൽ വെള്ളം കിട്ടുന്നില്ല. ഹോട്ടലുകാർ പണം ചെലവഴിച്ച് വാഹനങ്ങളിൽ വെള്ളം എത്തിക്കുകയാണ്.
താഴക്കോട് വില്ലേജ് ഓഫിസിലെയും നഗരസഭ ഓഫിസിലെയും കണക്‌ഷനുകളിലും വെള്ളം എത്തുന്നില്ല. ജല വിതരണത്തിനുള്ള തടസ്സം എവിടെ എന്ന് പഠിക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചില്ല. ഇതിന് അടുത്ത കാലത്തായി ലക്ഷങ്ങൾ ചെലവഴിച്ച് ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡുകൾ കുത്തിപ്പൊളിക്കണം. ഇതിന് ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് 2 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണം.
തുക അടച്ചാലേ റോഡ് കുത്തിപ്പൊളിക്കാൻ അനുമതി ലഭിക്കൂ എന്ന അവസ്ഥയിൽ കാര്യങ്ങൾ 6 മാസം പിന്നിട്ടു. മുക്കം കടവ് പാലത്തിന് സമീപത്തെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് വെള്ളം ലഭ്യമാക്കാനാവുമോ എന്നും ആലോചനയിലുണ്ട്.