ADVERTISEMENT

പയ്യോളി∙ ഇരിങ്ങൽ അഴീക്കൽ (മേത്തോടി) കടവിന് ഇനിയും പാലം വന്നില്ല. പയ്യോളി നഗരസഭയെയും മണിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പാലം യാഥാർഥ്യമായാൽ  മണിയൂർ പഞ്ചായത്തിലുള്ളവർക്ക് ദേശീയപാതയുമായി എളുപ്പം ബന്ധപ്പെടാൻ കഴിയും. 

മണിയൂരിലുള്ളവർക്ക് ഇരിങ്ങൽ‌ റെയിൽവേ സ്റ്റേഷൻ, സർഗാലയ, കൊളാവി കടപ്പുറം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്കും മറ്റു ദീർഘ ദൂരെ യാത്രകൾക്കും എളുപ്പ വഴിയാണിത്. മണിയൂർ ജവാഹർ നവോദയ വിദ്യാലയം, പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ, കോളജ്, എൻജിനീയറിങ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഈ വഴി ഏറെ ഗുണം ചെയ്യും. 

പുഴയ്ക്ക് ഇരുവശമുള്ള നാട്ടുകാർ വർഷങ്ങളായി ഇവിടെ പാലം ആവശ്യപ്പെട്ടു വരുന്നു. ഒടുവിൽ നാട്ടുകാർ ‘നാട്ടൊരുമ’ യുടെ പേരിൽ വിശാലമായി ജനകീയ കൺവൻഷൻ ചേർത്ത് ഒന്നര പതിറ്റാണ്ടായി ഇതിനായി കർമ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു. പാലം നിർമാണത്തിനായി മുൻ‌ സർക്കാരിന്റെ കാലത്ത് ടോക്കൺ സംഖ്യ എന്ന നിലയ്ക്ക് 99 ലക്ഷം രൂപ അന്നത്തെ ബജറ്റിൽ നീക്കിവച്ചിരുന്നു. മണിയൂർ പ‍‍ഞ്ചായത്തിനെയും പയ്യോളി നഗരസഭയെയും കുറ്റ്യാടി പുഴയ്ക്കു മുകളിൽ ബന്ധിപ്പിക്കുന്ന പാലം പണിയാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പയ്യോളി നഗരസഭയെയും മണിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കാൻ കുറ്റ്യാടി പുഴയ്ക്കു കുറുകെ നിർമിക്കുന്ന ഇരിങ്ങൽ അഴീക്കൽ കടവ് പാലത്തിന് നേരത്തേയുള്ള ബജറ്റ് വിഹിതം ഉപയോഗിച്ച് പ്രവൃത്തി ആരംഭിക്കാൻ ഭരണാനുമതിക്കു ഫയൽ സമർപ്പിച്ചിട്ടുണ്ട്. സ്ഥല പരിശോധനയും ഡ്രോയിങ്ങും എസ്റ്റിമേറ്റും കോഴിക്കോട് പൊതുമരാമത്ത് പാലം ഡിവിഷൻ നേരത്തേ തയാറാക്കിയിട്ടുണ്ട്. പാലം നിർമാണത്തിനായി കൂടുതൽ ഫണ്ട് അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ്. 
കാനത്തിൽ ജമീല, എംഎൽഎ

ഇരിങ്ങൽ അഴീക്കൽ കടവ് പാലത്തിനു വേണ്ടി വർഷങ്ങളായി നാട്ടുകാർ ഈ  കാത്തിരിപ്പ് തുടങ്ങിയിട്ട്.    ഈ ആവശ്യം നേടിയെടുക്കാൻ പയ്യോളി നഗരസഭയിലെയും മണിയൂർ പഞ്ചായത്തിലെയും നാട്ടുകാർ കർമ സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.    പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികളും സമീപന റോഡിന്റെ സർവേ നടപടികളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പുഴയ്ക്ക് ഇക്കരെ കടവു മുതൽ ദേശീയപാത വരെ റോഡ് നിലവിലുണ്ട്. ഇനി പാലം പണിയാനുള്ള ബാക്കി ഫണ്ട് കൂടി അനുവദിച്ചു കിട്ടണം. 
പുത്തൂക്കാട്ട് രാമകൃഷ്ണൻ, ചെയർമാൻ, ഇരിങ്ങൽ അഴീക്കൽ കടവ് പാലം നിർമാണ കർമ സമിതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com