നിക്ഷേപകർക്കു മുന്നറിയിപ്പുമായി പൊലീസ്; ജില്ലയിൽ അനുമതിയില്ലാത്ത 24 നിധി കമ്പനികൾ
Mail This Article
കോഴിക്കോട്∙ ആവശ്യമായ രേഖകൾ ഇല്ലാതെയും ലൈസൻസ് പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ജില്ലയിൽ ഇത്തരത്തിലുള്ള 24 നിധി കമ്പനികളുടെ പട്ടിക പൊലീസ് പുറത്തുവിട്ടു. കമ്പനി റജിസ്ട്രാറുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു വഞ്ചിതരാകരുതെന്നാണ് അറിയിപ്പ്. സാമ്പത്തിക തട്ടിപ്പിനും ചതിക്കും ഇടയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്. നിധി കമ്പനികൾക്കെതിരെ പരാതി വ്യാപകമായതോടെ പൊലീസ് 2 മാസം മുൻപ് വ്യാപക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണു പല കമ്പനികൾക്കും അനുമതിയില്ലെന്നു വ്യക്തമായത്.
കമ്പനി റജിസ്ട്രാർക്കു സമർപ്പിക്കേണ്ട എൻഡിഎച്ച്–4 എന്ന ഫോമിൽ അപേക്ഷ സമർപ്പിക്കാത്ത 11 നിധി കമ്പനികൾ ജില്ലയിലുണ്ട്. ഈ രേഖ സമർപ്പിച്ചെങ്കിലും മതിയായ യോഗ്യതയില്ലാത്തതിനാൽ കമ്പനി റജിസ്ട്രാർ അനുമതി നിഷേധിച്ച 13 സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ഇവർ നിക്ഷേപം സ്വീകരിക്കാനോ വായ്പ നൽകാനോ പാടില്ല. എന്നാൽ ഇവ ഇപ്പോഴും ഇടപാടുകാരിൽ നിന്നു നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നുണ്ട്. 2017 മുതൽ ഗ്രാമ–നഗര പ്രദേശങ്ങളിൽ ഇവ പ്രവർത്തിക്കുന്നുണ്ട്.
സ്ഥാപനങ്ങളുടെ പേരും മേൽവിലാസവും https://keralapolice.gov.in/page/announcements എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.