ADVERTISEMENT

കോഴിക്കോട്∙ പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള മുതുകാട് ഭാഗത്തെ 120 ഹെക്ടർ ഭൂമി തിരിച്ചെടുത്ത് വനം വകുപ്പിന്റെ ടൈഗർ സഫാരി പാർക്ക് തുടങ്ങാൻ തത്വത്തിൽ അംഗീകാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ്. പാട്ടക്കാലാവധി കഴിഞ്ഞ 1230.53 ഹെക്ടർ ഭൂമിയിൽ നിന്നാണ് ഈ ഭാഗം തിരിച്ചെടുക്കുക.

ഭൂമിശാസ്ത്രപരമായ കിടപ്പും ജല ലഭ്യതയും സസ്യജാലവും കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ സ്ഥലം മുതുകാട് ആണെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ കണക്കിലെടുത്താണ് നടപടി. പ്രദേശത്തിനു ചുറ്റും മനുഷ്യവാസം ഇല്ല എന്നതും അനുയോജ്യ ഘടകമായി റിപ്പോർട്ടിൽ പറയുന്നു. 

പെരുവണ്ണാമൂഴി സ്റ്റേഷന്റെ പരിധിയിൽ വരുന്ന പെരുവണ്ണാമൂഴി, മുതുകാട് എന്നീ പ്രദേശങ്ങളാണ് സഫാരി പാർക്കിനായി പരിഗണിച്ചിരുന്നത്. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറായ സമിതി രണ്ടു സ്ഥലങ്ങളും പരിശോധിച്ചാണ് മുതുകാട് ശുപാർശ ചെയ്തത്.

ബെംഗളൂരുവിലെ ബെന്നാർഘട്ടെ സഫാരി പാർക്കിന്റെ മാതൃകയിൽ, തിരഞ്ഞെടുക്കുന്ന ഭൂമിയുടെ ചുറ്റിലും വലിയ മതിലും കൂറ്റൻ ഇരുമ്പു വേലിയും കെട്ടിത്തിരിച്ച് അതിനുള്ളിൽ കടുവകളെ തുറന്നുവിടുന്ന രീതിയിലാണ് പദ്ധതി. മൃഗശാലയുടെ പദവിയായിരിക്കും സഫാരി പാർക്കിന് ഉണ്ടാവുക. ഭൂമി സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തതോടെ ഇനി വിശദ പദ്ധതി രേഖ തയാറാക്കും.

പ്രദേശത്തെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനൊപ്പം, വേട്ടയാടാൻ കഴിയാതെ നാട്ടിൽ ഇറങ്ങുന്ന കടുവകളെ സ്ഥിരമായി സംരക്ഷിക്കാനുള്ള ഒരു മാർഗം കൂടിയാവും ടൈഗർ സഫാരി പാർക്ക്. കടുവാ സങ്കേതം പോലെ തുറന്ന കാട് അല്ല ഇത്. വയനാട്ടിൽ അടുത്തിടെ ആരംഭിച്ച പുനരധിവാസ കേന്ദ്രത്തിൽ ഇപ്പോൾ തന്നെ 7 കടുവകളായിക്കഴിഞ്ഞു. ഇവിടെ നിന്ന് കടുവകളെ തിരികെ കാട്ടിൽ വിടാൻ കഴിയില്ല. അവ ഇര തേടി വീണ്ടും നാട്ടിൽ ഇറങ്ങാനും പ്രശ്നമുണ്ടാക്കാനും ആരംഭിക്കും. ഇത്തരത്തിൽ സംരക്ഷിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് വിദഗ്ധ പക്ഷം.

ബെംഗളൂരു ബെന്നാർഘട്ടെ ദേശീയോദ്യാനത്തോടു ചേർന്നുള്ള 122 ഏക്കർ സ്ഥലത്താണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നത്. സിംഹം, കടുവ, കരടി തുടങ്ങിയ വന്യ മൃഗങ്ങളെ ഇവിടെ തുറന്നു വിട്ടിരിക്കുന്നു. സഞ്ചാരികൾക്ക് അടച്ചുറപ്പുള്ള ജീപ്പ്, ബസ് എന്നിവയിൽ സഞ്ചരിച്ച് മൃഗങ്ങളെ അടുത്തു നിന്നു കാണാം. കോടികളുടെ വരുമാനമാണ് ബെന്നാർഘട്ടെ വനം വകുപ്പിനും സമ്മാനിക്കുന്നത്. ഒപ്പം പ്രാദേശിക വികസനത്തിനും തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT