വടകര ഇൻഡോർ സ്റ്റേഡിയം കാത്തിരിക്കുന്നു, ആ ആറു കോടി ആരു തരും?
Mail This Article
വടകര ∙ നാരായണ നഗറിൽ 22 കോടി രൂപ ചെലവിട്ട ഇൻഡോർ സ്റ്റേഡിയം തുടർഫണ്ട് ലഭിക്കാത്തതിനാൽ അവസാന ഘട്ടത്തിൽ പണി നിലച്ച അവസ്ഥയിലായി. മേൽക്കൂരയും ഗാലറിയും ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയായ സ്റ്റേഡിയം കളി നടത്താനുള്ള അവസ്ഥയിലാകണമെങ്കിൽ ഇനി 6 കോടി രൂപ വേണം. ഇതിലുണ്ടാക്കിയ വോളിബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ കോർട്ടുകൾ ആധുനിക രീതിയിൽ ആക്കണമെന്ന നിർദേശം വന്നതു കൊണ്ടാണ് അധികച്ചെലവ്. ഫണ്ട് കിട്ടാത്തതു കൊണ്ട് മാസങ്ങളായി പണി മുടങ്ങിക്കിടക്കുന്നു.
4,500 പേർക്ക് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ പവലിയനുകൾ, കളിക്കാർക്കുള്ള മുറികൾ, ശുചിമുറികൾ എന്നിവ നിർമിച്ചിട്ടുണ്ട്. പ്രവേശന കവാടങ്ങൾ, പാർക്കിങ് ഏരിയ, ജലസംഭരണി എന്നിവയും ഒരുങ്ങി കളി തുടങ്ങാൻ കാത്തു നിൽക്കവെയാണ് സിന്തറ്റിക് നിലം ഉൾപ്പെടെയുള്ള ആധുനിക കോർട്ട് എന്ന നിർദേശം വരുന്നത്. ഫണ്ട് കിട്ടാൻ നഗരസഭ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി കായിക മന്ത്രിക്ക് നിവേദനം നൽകി. ഫണ്ട് ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
സി.കെ.നാണു എംഎൽഎ ആയിരിക്കെയാണു നാരായണ നഗറിലെ വിശാലമായ മൈതാനം വെട്ടി മുറിച്ച് ഇൻഡോർ സ്റ്റേഡിയം പണിയാൻ ആദ്യ ഘട്ടമായി 3 കോടി രൂപ അനുവദിച്ചത്. മൈതാനം മുറിച്ച് ഇൻഡോർ സ്റ്റേഡിയം പണിയുന്നതിൽ കായിക പ്രേമികളുടെ എതിർപ്പുണ്ടായെങ്കിലും തീരുമാനം നടപ്പാക്കുകയായിരുന്നു നഗരസഭ. 10 വർഷം മുൻപ് പണി തുടങ്ങിയെങ്കിലും ഫണ്ട് ലഭ്യമാകാത്ത പ്രശ്നം പലപ്പോഴുമുണ്ടായി. ഏറ്റവും ഒടുവിൽ കിഫ്ബി ഫണ്ടിൽ നിന്നു 16.29 കോടി രൂപ കിട്ടിയതിനെ തുടർന്നാണ് അവസാന ഘട്ട നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം വടകരയിലെത്തിയ കായിക മന്ത്രിക്കു മുൻപിൽ നഗരസഭ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്.