മുടപ്പിലാവിലെ ചെങ്കൽ ഗുഹ അവഗണനയിൽ

Mail This Article
വടകര∙ മഹാ ശിലായുഗത്തിലെ മനുഷ്യവാസം അടയാളപ്പെടുത്തുന്ന മുടപ്പിലാവിലെ ചെങ്കൽ ഗുഹ ( റോക്ക് കേവ് ) അവഗണനയിൽ. ജില്ലയിലെ ഏക സംരക്ഷിത ചെങ്കൽ ഗുഹ ആയിട്ടും പരിപാലനവും സംരക്ഷണവും ഇല്ലാതെ നാശത്തിന്റെ വക്കിലാണ്. 5000 വർഷം മുൻപത്തെ മനുഷ്യവാസം രേഖപ്പെടുത്തുന്ന മറ്റൊരു ചരിത്ര സ്മാരകം ജില്ലയിൽ വേറെ ഇല്ല.
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ–കീഴൽ റോഡിൽ ട്രാൻസ്ഫോമറിന് സമീപമാണ് ഗുഹ. ജില്ലയിലെ 8 സംരക്ഷിത ചരിത്ര സ്മാരകങ്ങളിൽ ഒന്നായ മഹാശിലായുഗ സ്മാരകമായ ഗുഹ സംരക്ഷിക്കപ്പെടണം എന്നാണ് ആവശ്യം. സംരക്ഷിത സ്മാരകം ആണെന്ന ഒരു സൂചനയും ഇവിടെ നിൽകിയിട്ടില്ല. മാത്രമല്ല ഗുഹയുടെ കടവാടം ചെളി നിറഞ്ഞ് കിടക്കുകയാണ്. ചെറിയ പ്രവേശന മാർഗമാണ് ഗുഹയ്ക്ക് ഉള്ളത്. അകത്ത് ഒരു മീറ്ററോളം ഉയരം ഉണ്ട്. 2 മീറ്റർ വിസ്താരവും. മധ്യഭാഗത്ത് ഒരു തൂണും വശത്ത് ഒരു കല്ലിന്റെ ബെഞ്ചും ഉണ്ട്. ഗുഹയിൽ നിന്ന് മൺപാത്രങ്ങളും ആയുധങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
മഹാശിലായുഗകാലത്ത് ആളുകളെ അടക്കിയിരുന്നത് ഇത്തരം ഗുഹയിലാണ് എന്നാണ് കരുതുന്നത്. ഇത് സംരക്ഷിത ചരിത്ര സ്മാരക മാണെന്നും അതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണമെന്നും ചരിത്ര അധ്യാപകൻ സി.പി.മനോജ്കുമാർ പറഞ്ഞു. 20 വർഷം മുൻപ് റോഡ് വീതി കൂട്ടിയപ്പോഴാണ് ഗുഹ കണ്ടെത്തുന്നത്.
അന്ന് പുരാവസ്തു വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി കറുപ്പും ബ്രൗൺ നിറത്തിലും ഉള്ള മൺപാത്രങ്ങളും ആയുധം എന്ന് തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങളും കൊണ്ടുപോയിരുന്നു. ഗുഹ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുടപ്പിലാവിൽ ഐക്യ കേരള വായനശാല ആൻഡ് ഗ്രന്ഥാലയം പുരാവസ്തു വകുപ്പിനെ നേരത്തെ തന്നെ സമീപിച്ചിരുന്നു. ജനകീയ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാൻ ഒരു ങ്ങുകയാണ് വായനശാല.