പ്രോവിഡൻസ് കോളജ് – വേങ്ങേരിക്കാട് റോഡ് നിർമിച്ചിട്ട് 50 വർഷം; ആഘോഷിക്കാനൊരുങ്ങി നാട്
Mail This Article
കോഴിക്കോട്∙ റോഡിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ ഒരുക്കങ്ങളുമായി നാട്. കോർപറേഷനിലെ പ്രോവിഡൻസ് കോളജ് – വേങ്ങേരിക്കാട് റോഡു നിർമാണത്തിന്റെ 50 ാം വാർഷികത്തിനാണു നാട് ഒരുങ്ങിയത്. വാഹന സൗകര്യം ഇല്ലാത്ത കാലത്തു ദുരിത യാത്ര അനുഭവിച്ച പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾ കൈകോർത്താണ് കല്ലും മുള്ളും വേലിപ്പടർപ്പും നിറഞ്ഞ ഇടവഴി റോഡാക്കി മാറ്റിയത്.കോളജ് എൻഎസ്എസ് വൊളന്റിയർമാർക്കൊപ്പം നന്മ കൊതിച്ചവരൊക്കെയയും ചേർന്നു. രണ്ടു മാസം കൊണ്ടു നഗരസഭയിലെ ആദ്യ ജനകീയ റോഡ് പൂർത്തിയായി. ഒന്നര കിലോമീറ്ററുള്ള ഈ പാത 1973 ൽ പൂർത്തിയായി.
യുവാക്കളുടെ പങ്കാളിത്തം സജീവമായതിനാൽ റോഡിനു 'പ്രോവിഡൻസ് വേങ്ങേരിക്കാട് യുവജന റോഡ്' എന്നു പേരിട്ടു.15, 16 ദിവസങ്ങളിലാണ് ആഘോഷം. 15 നു റോഡ് ദീപാലംകൃതമാകും. 16 ന് സ്മതിയാത്ര നടത്തും. തുടർന്നു പഴയകാല പ്രവർത്തകരെ അനുമോദിക്കലും കലാപരിപാടികളും നടക്കും. ഇന്നലെ റോഡ് ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. കൗൺസിലർമാരായ ഒ.സദാശിവൻ, കെ.സി.ശോഭിത, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.സംഗീത, സംഘാടക സമിതി ചെയർമാൻ സി.കെ.വേണുഗോപാൽ, ജനറൽ കൺവീനർ എ.പി. സത്യൻ, പി.പി.മോഹനൻ എന്നിവർ നേതൃത്വം നൽകി.