ADVERTISEMENT

കോഴിക്കോട് ∙ നഗരത്തിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ട് തികയ്ക്കുന്ന കോഴിക്കോട് ആർട്സ്  ലൗവേഴ്സ് അസോസിയേഷന്റെ (കല) ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. 50 വർഷം മുൻപ് ‘കല’യുടെ ഉദ്ഘാടനം നിർവഹിച്ച എം.ടി.വാസുദേവൻ നായർ തന്നെയാണ്  സുവർണ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്. ഉദ്ഘാടന വേദിയിൽ സംഗീത വിരുന്നൊരുക്കാൻ ഒഎൻവി കുറുപ്പിന്റെ കൊച്ചു മകളും സിനിമ പിന്നണി ഗായികയുമായ അപർണ രാജീവും ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കുന്നതിനു മുൻപ് തന്നെ എംടിക്കു വേണ്ടി നഖക്ഷതങ്ങൾ എന്ന സിനിമയ്ക്കായി  ഒഎൻവി കുറുപ്പ് രചിച്ച മഞ്ഞൾ പ്രസാദവും എന്നു തുടങ്ങുന്ന ഗാനം അപർണ രാജീവ് ആലപിച്ചു. 

നഗരത്തിൽ ‘കല’യ്ക്കു തുടക്കം കുറിക്കാൻ 50 വർഷം മുൻപ് താൻ ഉണ്ടായിരുന്നു എന്നു പറഞ്ഞാണ് എംടി പ്രസംഗം തുടങ്ങിയത്. അക്കാലത്ത് ഡോ.മോഹൻ കുമാറിനെ പോലെ കുറേ പേർ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഈ സംഘടനയെ സജീവമായി കൊണ്ടു നടന്നു. പലവിധ കാരണങ്ങളാൽ ‘കല’യുടെ പ്രവർത്തനങ്ങൾക്ക് മാന്ദ്യം സംഭവിച്ചിട്ടുണ്ട്. അതു മാറണം. എല്ലാവരും ഇതിന്റെ ഭാഗമായി മാറി കലാമേഖലയിൽ കൂടുതൽ സംഭാവനകൾ നൽകണമെന്ന ചിന്തയിൽ പ്രവർത്തിക്കാനാകട്ടെയെന്നും എംടി ആശംസിച്ചു. കലയുടെ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ  അധ്യക്ഷത വഹിച്ചു. എ.പ്രദീപ് കുമാർ, ടി.പി.ദാസൻ, കെ.പി.അശോക് കുമാർ, കെ.വിജയരാഘവൻ, വിനീഷ് വിദ്യാധരൻ, കെ.സുബൈർ, സന്നാഫ് പാലക്കണ്ടി, എൻ.ചന്ദ്രൻ, സുരേന്ദ്രൻ പാറാടൻ, സി.എം.സജീന്ദ്രൻ, സി.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.

ഒ.എൻ.വി.കുറുപ്പിനു സ്മരണാഞ്ജലി അർപ്പിച്ച് അപർണ രാജീവ് നയിച്ച സംഗീത നിശ അരങ്ങേറി.തുടർന്നുള്ള മാസങ്ങളിൽ കെപിഎസി അടക്കമുള്ള നാടക സംഘങ്ങളുടെ നാടകങ്ങൾ, ‘കല’യിലെ അംഗങ്ങളുടെ സംഗീത നിശ, കുടുംബ സംഗമം, ഓൾ കേരള റഫി കിഷോർ സംഗീത മത്സരം, റഫി, കിഷോർ മുകേഷ് നൈറ്റ്, ബാബുരാജ് കോഴിക്കോട് അബ്ദുൽ ഖാദർ സംഗീത നിശ, പി.ഭാസ്കരൻ വയലാർ നൈറ്റ്സ് അമച്വർ നാടക മത്സരം, വിദ്യാർഥികൾക്കായുള്ള ചിത്രരചന മത്സരം, പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര എന്നിവരെ ആദരിക്കൽ എന്നീ പരിപാടികളും അരങ്ങേറും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com