കല്ലാച്ചിയിൽ കിണർ വെള്ളം വൃത്തിഹീനം; നടപടിയുമായി ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം
Mail This Article
കല്ലാച്ചി കോർട്ട് റോഡിലെ ഇല്ലത്ത് കോംപ്ലക്സിലെ കിണർ വെള്ളം പരിശോധനയിൽ മലിനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അടിയന്തിര നടപടികളെടുത്തു. കിണറിൽ നിന്നും വെള്ളമെടുക്കുന്ന വിവിധ സ്ഥാപന ഉടമകളെ വിളിച്ചുവരുത്തുകയും പൈപ്പുകൾ മുറിച്ചു മാറ്റുകയും ചെയ്തു . പത്തോളം സ്ഥാപനങ്ങളിലേക്ക് കിണറിൽ നിന്ന് വെള്ളം എടുക്കുന്നുണ്ട് . ശുദ്ധമായ മറ്റു ജല സ്രോതസ്സുകൾ കണ്ടെത്തുന്നതിന് ഈ സ്ഥാപനങ്ങൾക്കെല്ലാം അടുത്തദിവസം നോട്ടീസ് നൽകും. കല്ലാച്ചിയിലെ ചില കൂൾബാറുകളിൽ നിന്നും ജ്യൂസ് കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥത ഉണ്ടായതായി ചിലരിൽ നിന്നും ആരോഗ്യ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തിയിട്ടുണ്ട് . പരിശോധന തുടർന്നു വരികയാണ്. ലൈസൻസ് ,ഹെൽത്ത് കാർഡ് ,ജല പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബാബു ,സി പ്രസാദ് എന്നിവർ പങ്കെടുത്തു.