ADVERTISEMENT

കോഴിക്കോട്∙ വനം വകുപ്പിൽ പരിശീലനം പൂർത്തിയാക്കിയ റേഞ്ച് ഓഫിസർമാരുടെ നിയമനത്തിൽ എൻസിപിയുടെ സംഘടന ഇടപെടുന്നു എന്ന പരാതികളിൽ പൊലീസ് ഉന്നതതല അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 9 കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചത്. വനം ആസ്ഥാനത്തു നിന്ന് സംഘടനയേയും ഭാരവാഹികളേയും സംബന്ധിച്ച ഫയലുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.  അടുത്ത ദിവസങ്ങളിൽ നടക്കേണ്ട നിയമനങ്ങളിൽ വനം മന്ത്രിയുടെ ഓഫിസിൽ നിന്ന് ഒരു ശുപാർശ പോലും നൽകേണ്ടെന്നും ഉദ്യോഗാർഥികളുടെ അപേക്ഷ മാത്രം പരിഗണിച്ച് ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തിയാൽ മതിയെന്നും തീരുമാനം എടുത്തിട്ടുണ്ട്. 

വനം വകുപ്പിലെ തന്നെ രണ്ടു സംഘടനകളും ഒരു അഭിഭാഷകനും ഒരു വ്യക്തിയും നൽകിയ നാലു പരാതികളിലാണ് അന്വേഷണം. വനം ജീവനക്കാർക്ക് സിആർപിഎഫ് സംരക്ഷണം ആവശ്യപ്പെട്ട സംഘടനയുടെ റജിസ്ട്രേഷൻ സംബന്ധിച്ച് പ്രാഥമിക സംശയങ്ങൾ ഉന്നയിച്ച് പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലെ അഡ്വൈസ്–സി സെക്‌ഷനിൽ നിന്ന് കുറിപ്പും നൽകിയിട്ടുണ്ട്. 

കഴിഞ്ഞ 8 വർഷത്തിനിടെ സംഘടനയുടെ നേതാക്കൾ നിയമനങ്ങളിൽ നടത്തിയ ഇടപെടലുകൾ, വിജിലൻസ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റപ്പെട്ടവരെ തിരികെ അതേ തസ്തികകളിൽ നിയമിച്ചത്, സംഘടനാ നേതാക്കൾക്ക് പരിശീലനം പൂർത്തിയാക്കാതെ സ്ഥാനക്കയറ്റം നൽകിയത്,  3 നേതാക്കൾക്കു മാത്രമായി പ്രത്യേക പരിശീലനം നൽകാനുണ്ടായ സാഹചര്യം, അവധിയിൽ പോയ ഭരണവിഭാഗം എപിസിസിഎഫ് ചുമതലയേറ്റതിനു ശേഷം നടത്തിയ സ്ഥലംമാറ്റങ്ങൾ, ഇദ്ദേഹത്തിന്റെ നിയമനം, സ്ഥലംമാറ്റ വിവാദത്തിൽ എൻസിപിയുടെ ഉന്നത നേതാവിന്റെ പേര് കൂടി ഉൾപ്പെടാനുണ്ടായ സാഹചര്യം, ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടൽ തുടങ്ങി 9 കാര്യങ്ങളാണ് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com