ഗെയിൽ സ്ഥലംവിട്ടു കൃഷിയിറക്കാനാവാതെ കർഷകർ

Mail This Article
നടുവണ്ണൂർ ∙ കൊച്ചി– മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും, പൈപ്പിടാൻ ഭൂമി വിട്ടു നൽകിയ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. പൈപ്പ് സ്ഥാപിച്ച ശേഷം വയൽ കൃഷിയോഗ്യമാക്കി നൽകുമെന്ന് ഗെയ്ൽ അധികൃതർ കർഷകർക്ക് നൽകിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ 8 വർഷമായി ഇവർ കൃഷി ചെയ്യാനാകാതെ ദുരിതത്തിലാണ്. വർഷത്തിൽ 3 തവണ കൃഷിയിറക്കുന്ന നെൽ വയലുകൾ, വീടിനോട് ചേർന്ന കൃഷി ഭൂമി, വീടു വയ്ക്കാൻ പൊന്നും വില കൊടുത്തു വാങ്ങിച്ച സ്ഥലം എന്നിവ കീറി മുറിച്ചാണ് പൈപ്പ് ലൈൻ കടന്നു പോയത്. കൃഷി ഭൂമി പുനഃസ്ഥാപിക്കുന്നതിന് കരാർ നൽകിയിട്ടുണ്ടെന്ന അധികൃതരുടെ മറുപടി കേട്ട് മടുത്തു കർഷകർ.
കോട്ടൂർ, നൊച്ചാട്, പനങ്ങാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് നെൽവയലുകൾ അതിരുകൾ തിട്ടപ്പെടുത്താൻ കഴിയാതെ, വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ നിറഞ്ഞ് കൃഷി ചെയ്യാൻ കഴിയാതെ തരിശായി കിടക്കുന്നു. 10 മീറ്റർ സ്ഥലമാണ് പൈപ്പിടാൻ ഗെയ്ൽ ഏറ്റെടുത്തത്. വയലിൽ പൈപ്പ് സ്ഥാപിക്കുന്നതിന് വലിയ യന്ത്രങ്ങൾ കടന്നു പോയ വഴിയിൽ ഇപ്പോഴും വലിയ ഗർത്തങ്ങളാണ്. പ്രളയകാലത്ത് മഴവെള്ളം കുത്തിയൊലിച്ച് വയലിനു നടുവിൽ പലയിടത്തും തോടുകൾ രൂപപ്പെട്ടിട്ടുണ്ട്. വളക്കൂറുള്ള മേൽ മണ്ണാണ് ഒലിച്ചു പോയത്. ഈ ഭാഗങ്ങൾ മണ്ണിട്ട് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പു നൽകിയതാണ്.
അവിടനല്ലൂരിലെ കളത്തേരി താഴെ, അഴോത്ത് താഴെ, പള്ളിയിൽ താഴെ, പൊക്കിട്ടാത്ത് താഴെ, ചെറുവത്ത് താഴെ, പാവുക്കണ്ടി, പൂനത്ത്, കോട്ടൂരിലെ നങ്ങാറത്ത് താഴെ, കോട്ടൂർ വിഷ്ണു ക്ഷേത്രത്തിനു സമീപം, പുളിയിലോട്ട് താഴെ, നെരവത്ത് താഴെ, തെക്കിനാത്ത് താഴെ, മണിലായി താഴെ, പുത്തലത്ത് താഴെ, പുഴക്കാട്ടേരി താഴെ, കറത്തോട്ട് താഴെ, കുന്നരംവള്ളി താഴെ, പുതിയപ്പുറത്ത് താഴെ, പുലിക്കോട്ട് താഴെ, വെള്ളിയൂർ വയൽ എന്നിവിടങ്ങളിലെ ഹെക്ടർ കണക്കിന് നെൽവയലുകളാണ് ഒന്നിനും പറ്റാതെയായത്.അതിരുകൾ കാണാതായതോടെ കൃഷി ഭൂമി ഏതെന്ന് തിട്ടപ്പെടുത്താൻ കഴിയുന്നില്ല. കൃഷിയിടങ്ങളിൽ വെള്ളമൊഴുക്ക് നിയന്ത്രിച്ചിരുന്നതും കൃഷിക്കാവശ്യമായ സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ചിരുന്നതുമായ വരമ്പുകളും അപ്രത്യക്ഷമായി. അതിരുകൾ നിർണയിക്കാൻ കഴിയാത്തതിനാൽ പലയിടത്തും ആളുകൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.