കേരളത്തിനെതിരെ നളിൻ കട്ടീലിന്റെ നയം ഇങ്ങനെ; ആ ട്രെയിൻ നീട്ടരുത്, ഈ ട്രെയിൻ കുഴപ്പമില്ല!

Mail This Article
കോഴിക്കോട്∙ ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്നതു നിവേദനം അയച്ചു തടസ്സപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന ദക്ഷിണ കന്നട എംപി നളിൻകുമാർ കട്ടീൽ ഇന്നലെ കോഴിക്കോട്ടെത്തിയത് ഈയിടെ കാസർകോട്ടു നിന്ന് മംഗളൂരുവിലേക്ക് സർവീസ് നീട്ടിയ വന്ദേഭാരത് എക്സ്പ്രസിൽ ! ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ് നളിൻകുമാർ കട്ടീൽ ഇന്നലെ രാവിലെ 8.57ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ 20631 നമ്പർ മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ വന്നിറങ്ങിയത്.
കാസർകോട്ടുവരെ സർവീസ് നടത്തിയിരുന്ന ഈ ട്രെയിൻ മാർച്ച് 12നാണ് മംഗളൂരുവിലേക്ക് ദീർഘിപ്പിച്ചത്. ദക്ഷിണ കന്നട എംപിയെന്ന നിലയിൽ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരമാണ് ഈ ട്രെയിൻ ദീർഘിപ്പിച്ചത്. കണ്ണൂർ വരെ സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ ഇപ്പോൾ തടസ്സം നിൽക്കുന്നത് ഇദ്ദേഹമാണ്. മംഗളൂരുവിലെ യാത്രക്കാരുടെ റിസർവേഷൻ ക്വോട്ട നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം റെയിൽവേ മന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർവീസ് നീട്ടൽ 2 മാസമായിട്ട് തടഞ്ഞുവച്ചത്.
വന്ദേഭാരത് എക്സ്പ്രസ് കാസർകോട്ടുനിന്ന് മംഗലാപുരത്തേക്ക് നീട്ടിയപ്പോൾ കാസർകോട്ടു നിന്നു മാത്രമല്ല കേരളത്തിൽ ഒരിടത്തുനിന്നും ക്വോട്ട നഷ്ടപ്പെടുമെന്ന പരാതി ഉയർന്നിരുന്നില്ല. കട്ടീലിന്റെ എതിർപ്പ് ന്യായമല്ലെന്നും കേരളത്തിന്റെ നിലപാട് ബെംഗളൂരു ട്രെയിൻ കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കു ദീർഘിപ്പിക്കണമെന്നു തന്നെയാണെന്നും വ്യക്തമാക്കിയ കേരളത്തിലെ ബിജെപി നേതാക്കൾ ഇന്നലെ കട്ടീലിനെ സ്വീകരിക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയെന്നതാണ് മറ്റൊരു കൗതുകം.