ഡ്രൈവിങ് സ്കൂൾ ഉടമകളും അപേക്ഷകരും കോടതിയിലേക്ക്

Mail This Article
കോഴിക്കോട്/നന്മണ്ട ∙ ഡ്രൈവിങ് ടെസ്റ്റിനായി പണം അടച്ചിട്ടും അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും അപേക്ഷകരും ഹൈക്കോടതിയെ സമീപിക്കുമെന്ന് സംയുക്ത സമരസമിതി ജില്ലാ ഭാരവാഹികൾ പറഞ്ഞു.ലേണിങ് ടെസ്റ്റ് കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തണം. സ്ലോട്ട് കുറച്ചതിനാൽ ടെസ്റ്റിനുള്ളവർ പ്രതിദിനം കൂടി വരികയാണ്. ഇന്നലെ ചേവായൂർ ആർടിഒ ഗ്രൗണ്ടിൽ ലൈസൻസ് റദ്ദായ ഒരാളുടെ റോഡ് ടെസ്റ്റ് മാത്രമാണ് നടന്നത്. രാവിലെ 8ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും 11.30 വരെ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരാരും എത്തിയില്ല.
ലേണിങ്, വാഹന ഫിറ്റ്നസ്, റജിസ്ട്രേഷൻ പുതുക്കൽ എന്നിവ നടക്കുന്നുണ്ട്.ഇന്നലെ നന്മണ്ട എസ്ആർടിഒയ്ക്കു കീഴിൽ നന്മണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്യോഗസ്ഥർ സജ്ജീകരണങ്ങൾ ഒരുക്കി കാത്തു നിന്നെങ്കിലും അപേക്ഷകർ ആരും ടെസ്റ്റിന് എത്തിയില്ല. ഡ്രൈവിങ് സ്കൂളുകളുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ഗ്രൗണ്ടുകൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് സ്കൂൾ ഗ്രൗണ്ട് തിരഞ്ഞെടുത്തത്. ഡ്രൈവിങ് സ്കൂളുകൾ മുഖേന അല്ലാതെ നേരിട്ട് ആരും ഡ്രൈവിങ് പരിശോധനയ്ക്ക് എത്തുന്നില്ല. അതിനാൽ ഉദ്യോഗസ്ഥരുടെ ബദൽ നീക്കങ്ങൾ ഒന്നും ലക്ഷ്യം കാണുന്നില്ല.