ലോക്സഭാ തിരഞ്ഞെടുപ്പ്: വിലയിരുത്തൽ പിഴച്ചു, കണക്കിലും കാര്യത്തിലും തോറ്റ് സിപിഎം
Mail This Article
കോഴിക്കോട്∙ വടകര, കോഴിക്കോട് പാർലമെന്റ് മണ്ഡലങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിൽ 12 എണ്ണവും കയ്യിലിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ഞെട്ടിക്കുന്ന തോൽവി പരിശോധിക്കാൻ സിപിഎം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്നായി നേടിയ 11.20 ലക്ഷം വോട്ടുകൾ 3 വർഷത്തിനിപ്പുറം 8.43 ലക്ഷമായി ചുരുങ്ങി.
3 വർഷം കൊണ്ട് 2.77 ലക്ഷം പേരെയും എൽഡിഎഫിന് എതിരാക്കിയത് എന്ത്? എന്ന ചോദ്യത്തിനു മറുപടി കണ്ടെത്തുകയാണു പ്രധാന ലക്ഷ്യം. വോട്ടെടുപ്പിനു ശേഷം വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലെ 15 നിയമസഭ മണ്ഡലങ്ങളിൽ നിന്നു ബൂത്ത് തലത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.
അങ്ങനെ ക്രോഡീകരിച്ച കണക്കുകൾ പാടേ തെറ്റിയ മത്സരഫലമാണു പുറത്തു വന്നത്. താഴെത്തട്ടിൽ നിന്നുള്ള കണക്കുകൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധം പോലുമില്ലെന്നു മത്സരഫലം വ്യക്തമാക്കുന്നു. വോട്ടെടുപ്പിനു ശേഷം എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും 2 മണ്ഡലങ്ങളിലെയും വിലയിരുത്തൽ ഇങ്ങനെയായിരുന്നു
വീണുടഞ്ഞ കോഴിക്കോടൻ സ്വപ്നങ്ങൾ
∙എലത്തൂർ, ബേപ്പൂർ, ബാലുശ്ശേരി എന്നീ നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനു കനത്ത ഭൂരിപക്ഷം. സംഭവിച്ചത്: ഈ 3 മണ്ഡലങ്ങളിലെയും ചേർത്ത് രാഘവന്റെ ഭൂരിപക്ഷം 47,686. എൽഡിഎഫിന് എ.പ്രദീപ് കുമാർ മത്സരിച്ച 2019ൽ ലഭിച്ച വോട്ടു പോലും ലഭിച്ചില്ല. ഈ 3 മണ്ഡലങ്ങളിൽ നിന്നു മാത്രമായി കഴി കഴിഞ്ഞ തവണത്തെക്കാൾ 16,306 വോട്ടുകൾ ചോർന്നു
∙ കുന്നമംഗലത്ത് എൽഡിഎഫിന് നേരിയ ഭൂരിപക്ഷം
സംഭവിച്ചത്: എം.കെ.രാഘവന് 3282 വോട്ടിന്റെ ഭൂരിപക്ഷം. എളമരം കരീമിന് 2019നെ അപേക്ഷിച്ചു 5,507 വോട്ടുകൾ കുറഞ്ഞു.
∙ കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിൽ യുഡിഎഫിന് ഒപ്പത്തിനൊപ്പമോ അല്ലെങ്കിൽ നേരിയ മേൽക്കയ്യോ നേടും.
സംഭവിച്ചത്: രണ്ടിടത്തുമായി എം.കെ.രാഘവന് 35,000ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫിന് 2019ൽ കോഴിക്കോട് നോർത്തിൽ കിട്ടിയ 9,422 വോട്ടും സൗത്തിൽ കിട്ടിയ 6269 വോട്ടും നഷ്ടമായി.
∙യുഡിഎഫിന് എപ്പോഴും മേൽക്കൈ നൽകുന്ന കൊടുവള്ളിയിൽ എം.കെ.രാഘവന്റെ ഭൂരിപക്ഷം കുത്തനെ ഇടിയും
സംഭവിച്ചത്: രാഘവന്റെ ഭൂരിപക്ഷം 38644. 2019നെ അപേക്ഷിച്ചു 3083 വോട്ടുകൾ രാഘവൻ കൂട്ടുകയും ചെയ്തു.
∙എല്ലാ നിയോജക മണ്ഡലങ്ങളിലെയും കണക്കുകൾ കൂട്ടി നോക്കിയാൽ എളമരം കരീം മുവായിരത്തോളം വോട്ടിനു ജയിക്കും
സംഭവിച്ചത്: 7 നിയോജക മണ്ഡലങ്ങളിലും എളമരം കരീമിനെ ബഹുദൂരം പിന്നിലാക്കി എം.കെ.രാഘവൻ 1.46 ലക്ഷം ഭൂരിപക്ഷത്തിനു വിജയിച്ചു.
വടകരയിൽ പാളിയ കണക്കുകൾ
∙എൽഡിഎഫ് വോട്ടുകൾക്കു പുറമേ സ്ത്രീകളുടെയും നിഷ്പക്ഷരുടെയും കൂടുതൽ വോട്ടുകൾ ലഭിച്ചു. 25,000 വോട്ടിനെങ്കിലും കെ.കെ.ശൈലജ ജയിക്കും.
സംഭവിച്ചത്: തലശ്ശേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ശൈലജയെ പിന്തള്ളി ഷാഫി പറമ്പിലിന് 1.14 ലക്ഷത്തിന്റെ ഭൂരിപക്ഷം.
∙ 2019ൽ പി.ജയരാജൻ പിന്നിൽ പോയ കൂത്തുപറമ്പിൽ ഇക്കുറി കെ.കെ.ശൈലജ മുന്നിലെത്തും.
സംഭവിച്ചത്: കൂത്തുപറമ്പിൽ ഷാഫിയുടെ ഭൂരിപക്ഷം 10,788. എൽഡിഎഫിന് കഴിഞ്ഞ തവണ കിട്ടിയ 64,359 വോട്ട് ഇടിഞ്ഞ് 61,705 ആയി. നേരത്തേയുണ്ടായിരുന്ന 2654 വോട്ടും നഷ്ടമായി.
∙തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ വൻ ഭൂരിപക്ഷം നേടും.
സംഭവിച്ചത്: തലശ്ശേരിയിൽ ഭൂരിപക്ഷം കിട്ടിയെങ്കിലും 2019ൽ കിട്ടിയ 65,401 വോട്ട് 62,079 ആയി ഇടിഞ്ഞു. നഷ്ടം 33,22. പേരാമ്പ്രയിൽ 67,725 വോട്ട് 65,040 ആയി കുറഞ്ഞു. നഷ്ടം 2,685 വോട്ട്. ഈ 2 സ്ഥലങ്ങളിലും യുഡിഎഫും എൻഡിഎയും വോട്ട് ഉയർത്തി.
∙നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ യുഡിഎഫിനു നേരിയ ഭൂരിപക്ഷം മാത്രം.
സംഭവിച്ചത്: നാലിടത്തും ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 20,000നു മുകളിൽ. നാദാപുരം( 23,877), കുറ്റ്യാടി(23,635), വടകര( 22,082), കൊയിലാണ്ടി(24,063)