എം.കെ.രാഘവന് എല്ലാം പതിവു പോലെ
Mail This Article
കോഴിക്കോട്∙ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സവിശേഷതകളൊന്നും പ്രകടമാകാത്ത പതിവുദിവസം തന്നെയായിരുന്നു എം.കെ.രാഘവനു വിജയത്തിനു ശേഷമുള്ള ആദ്യദിനവും. രാവിലെ സന്ദർശകരും അതിനു ശേഷം മരണവീടു സന്ദർശനവുമൊക്കെയായി പകൽ നീങ്ങി. രാവിലെ മലബാർ ക്രിസ്ത്യൻ കോളജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു രണ്ടരയോടെ കുന്നമംഗലം മണ്ഡലത്തിലെ സ്വീകരണം കാരന്തൂരിൽനിന്ന് ആരംഭിച്ചു. വൈകിട്ട് ഒളവണ്ണയിൽ സമാപിച്ചു. ഇനി ഒരാഴ്ച വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങളാണ് എം.കെ.രാഘവന്റെ പ്രധാന പരിപാടികൾ.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ തിരി തെളിച്ച് ഷാഫി
കോഴിക്കോട്∙ വോട്ടെണ്ണലും കഴിഞ്ഞ് വടകരയിലെ സ്വീകരണവും ഏറ്റുവാങ്ങി ഷാഫി പറമ്പിൽ നേരെ പോയത് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക്. തന്റെ വിജയത്തിൽ കൂടുതൽ സന്തോഷിക്കുക ഉമ്മൻ ചാണ്ടി ആയിരിക്കുമെന്ന് ഓരോ വിജയത്തിലും ഷാഫി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ പക്ഷേ ആ വിജയം കാണാൻ അദ്ദേഹം ഉണ്ടായില്ലെന്ന വേദനയോടെയാണ് രാഷ്ട്രീയഗുരുവിന്റെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ചത്. ചാണ്ടി ഉമ്മൻ, പി.സി.വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച വടകരയിലെ വൻ സ്വീകരണത്തിനു ശേഷം രാത്രി രണ്ടരയോടെയാണ് കോഴിക്കോട്ടുനിന്ന് ഷാഫി എറണാകുളത്തേക്കു തിരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെ എറണാകുളത്തെത്തി. തുടർന്ന് പുതുപ്പള്ളിയിലേക്കു പുറപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെ വടകരയിലേക്ക് തിരിച്ചു. ഇന്ന് വീണ്ടും സ്വീകരണ പരിപാടികളിലേക്ക് തിരിച്ചെത്തും. ഉച്ചയ്ക്ക് 1ന് പേരാമ്പ്ര, തുടർന്ന് 3ന് കുറ്റ്യാടി, വൈകിട്ട് 5ന് നാദാപുരം എന്നീ മണ്ഡല സ്വീകരണ പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 3ന് കൂത്തുപറമ്പ്, 5ന് തലശ്ശേരി മണ്ഡലങ്ങളിലാണ് സ്വീകരണം.