10 ലക്ഷത്തിലേറെ വോട്ട്; യുഡിഎഫിന് ചരിത്രനേട്ടം
Mail This Article
കോഴിക്കോട്∙ ജില്ലയിൽ യുഡിഎഫിന്റേത് ചരിത്രനേട്ടം. യുഡിഎഫ് ആദ്യമായി മൊത്തം 10 ലക്ഷത്തിലധികം വോട്ട് സമാഹരിച്ചത് ഈ വോട്ടെടുപ്പിലാണ്. 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി 10,24,172 വോട്ടുകളാണ് യുഡിഎഫ് നേടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 35,245 വോട്ടുകളും 2021 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 2,02,686 വോട്ടുകളും കൂടുതൽ നേടി.
ഭൂരിപക്ഷത്തിലും വലിയ വർധന വന്നിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാർഥികൾക്ക് ലഭിച്ചതിനെക്കാൾ 3,04,924 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 73,229 വോട്ട് ഭൂരിപക്ഷവും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 4,54,448 വോട്ട് ഭൂരിപക്ഷവും വർധിച്ചിട്ടുണ്ട്. ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നാണ്–46,556 വോട്ടുകൾ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും 38,644 വോട്ടുകളും ലീഡ് ലഭിച്ചു. ജില്ലയിൽ കൂടുതൽ വോട്ട് ലഭിച്ചത് നാദാപുരം നിയോജക മണ്ഡലത്തിൽ നിന്നാണ്–95,767 വോട്ടുകൾ.
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന് 91,782 വോട്ടുകളും, കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് 88,054 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥികൾക്ക് ലഭിച്ചു. വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവർത്തിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും പറഞ്ഞു.
ഏജന്റില്ലാത്ത ബൂത്തിലും യുഡിഎഫ്കൂടുതൽ വോട്ട് നേടിയെന്ന് ഡിസിസി
കോഴിക്കോട്∙ ഏജന്റില്ലാത്ത ബൂത്തുകളിൽ പോലും യുഡിഎഫിനു എൽഡിഎഫിനെക്കാൾ ഇരട്ടി വോട്ടു ലഭിച്ചെന്നും ഇടതുകോട്ടയുടെ തകർച്ചയാണ് ഇതു വ്യക്തമാക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. കോഴിക്കോട്, വയനാട് ജില്ലകളിലായി 3 യുഡിഎഫ് സ്ഥാനാർഥികളും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഡിസിസിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല.
യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് ഇരിക്കാൻ അനുവാദമില്ലാത്ത സിപിഎം കോട്ടകളിൽ പതിവായി യുഡിഎഫിനു കിട്ടിയിരുന്ന 100 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ 250 മുതൽ 300 വരെ വോട്ടുകൾ നേടാനായി. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്തുകളിലൊന്നിൽ യുഡിഎഫിന് ഇത്തവണ ഏജന്റ് പോലുമില്ലായിരുന്നു.
പാർട്ടി കോട്ടകളിലെ ബൂത്തായതിനാൽ അവിടെ യുഡിഎഫ് ഏജന്റിന് സിപിഎം പ്രവേശനം അനുവദിക്കാത്തതാണ് കാരണം. എന്നാൽ, ഈ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഇടതു സ്ഥാനാർഥിയെക്കാൾ വോട്ടു ലഭിച്ചു. 2 മന്ത്രിമാരുള്ള ജില്ലയിൽ ഇടതുമുന്നണിക്ക് 13 നിയമസഭാ മണ്ഡലങ്ങളിലും ശക്തി ചോർന്നു.
സ്വന്തം മണ്ഡലത്തിൽ പോലും ഇടതുമുന്നണി സ്ഥാനാർഥിക്കു ലീഡ് കൊടുക്കാനാകാത്ത സാഹചര്യത്തിലും തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം കൊടുത്തയാൾ എന്ന നിലയ്ക്കും മന്ത്രി പി.എ.മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു കെ.മുരളീധരനെ തൃശൂരിലേക്കു മാറ്റിയത് സവിശേഷ സാഹചര്യത്തിലാണ്. തോൽവിക്കു ശേഷം അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം നിഷ്കളങ്കതയിൽ നിന്നുണ്ടായതാണ്. പാർട്ടി അദ്ദേഹത്തെ ഉന്നത തലങ്ങളിൽ നിയോഗിക്കും.
യുഡിഎഫ് കണക്കാക്കിയത് 67,483; കിട്ടിയത് ഇരട്ടിയിലേറെ ഭൂരിപക്ഷം
കോഴിക്കോട്∙ പോളിങ്ങിനു ശേഷം എം.കെ.രാഘവന് കിട്ടുമെന്ന് യുഡിഎഫ് കണക്കാക്കിയ ഭൂരിപക്ഷം 67,483 വോട്ടുകളായിരുന്നു. 1,46,176 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് പോലും കണക്കു കൂട്ടിയിരുന്നില്ല. യുഡിഎഫ് വോട്ടുകൾക്കു പുറമെ നിഷ്പക്ഷ വോട്ടുകളും സിപിഎം വോട്ടുകളും എം.കെ.രാഘവനു ലഭിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിനു നേതൃത്വം നൽകിയ ജനറൽ കൺവീനർ പി.എം.നിയാസ് പറഞ്ഞു. ഭരണവിരുദ്ധ വികാരം നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ നെഗറ്റീവ് വോട്ടുകളും യുഡിഎഫിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇവിഎമ്മിൽ വോട്ടുകൾ കുറവ്
കോഴിക്കോട് ∙ നോർത്ത് നിയോജക മണ്ഡലത്തിലെ ഒരു ബൂത്തിൽ ഇവിഎം തുറന്നപ്പോൾ വോട്ട് കുറവ്. നേരത്തേ തയാറാക്കിയ റിപ്പോർട്ടിലെല്ലാം 1,071 വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തി എന്നാണുള്ളത്. എന്നാൽ, മെഷീൻ തുറന്നപ്പോഴുള്ളത് 1,011 വോട്ട് മാത്രം. ഇത്തരം സന്ദർഭങ്ങളിൽ ആ മെഷീൻ മാറ്റിവയ്ക്കുകയും വിജയിയുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ ഉണ്ടെങ്കിൽ എണ്ണുകയും ചെയ്യും. അല്ലാത്ത പക്ഷം ആ വോട്ടുകൾ പരിഗണിക്കാറില്ല. ഈ മെഷീനിലെ വിവിപാറ്റ് എണ്ണിയപ്പോഴും 1,011 ആണു ലഭിച്ചത്. അതു രേഖപ്പെടുത്തി. പിന്നീട് നിരീക്ഷകൻ തടസ്സവാദം ഉന്നയിച്ചപ്പോൾ രേഖകളിൽ നിന്നു മാറ്റി. എഴുതിയ റിപ്പോർട്ടിൽ പിശകു പറ്റിയതാണെന്നു സംശയമുണ്ട്.