എക്സൈസ് ജീപ്പിനു നേരെ തോക്ക് ചൂണ്ടി; യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
Mail This Article
വടകര∙ എക്സൈസിന്റെ ഔദ്യോഗിക ജീപ്പിനു നേരെ തോക്ക് ചൂണ്ടിയ യുവാവിനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. യുവാവിനെ വടകര പൊലീസ് കസ്‌റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്തു വിട്ടയച്ചു. എയർ പിസ്‌റ്റൾ ആണെന്നും മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിന് കാണിച്ചു കൊടുത്തതാണെന്നും യുവാവ് പറഞ്ഞു. തോക്ക് പൊലീസ് കസ്റ്റഡിയിലാണ്.
ബുധനാഴ്ച വൈകിട്ട് 5.30 ന് ചെമ്മരത്തൂർ റൂട്ടിലാണ് സംഭവം. ഭക്ഷ്യവിതരണ സ്‌ഥാപനത്തിന്റെ പിക്കപ് വാനിൽ ജോലിക്കാരനായ വലകെട്ട് സ്വദേശിയായ യുവാവ് രണ്ടു ദിവസം മുൻപ് കോഴിക്കോട്ട് നിന്നു വാങ്ങിയതായിരുന്നു എയർ പിസ്‌റ്റൾ. പിക്കപ് വാൻ കടന്നു പോകുമ്പോൾ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് സംഘത്തിനു നേരെ തോക്ക് ചൂണ്ടുന്നതാണ് ജീപ്പിലെ ഉദ്യോഗസ്‌ഥർ കണ്ടത്. ഉടൻ എക്സൈസ് വാഹനം പിന്തുടർന്നു. എന്നാൽ പിക്കപ് വാൻ നിർത്താതെ അമിത വേഗതയിൽ ഓടിച്ചുപോയി.
മേമുണ്ടയിൽ നിന്ന് വില്യാപ്പള്ളിയിലേക്ക് തിരിയുന്ന റോഡിൽ വച്ച് ഒരു ബൈക്കിൽ തട്ടുകയും ചെയ്തു. ഇവിടെ വച്ച് എക്സൈസ് സംഘം യുവാവിനെ വിലങ്ങു വച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. ടോയ് ഗൺ എന്നു രേഖപ്പെടുത്തിയതാണെങ്കിലും പിസ്‌റ്റളിന് നല്ല ഭാരമുണ്ടായിരുന്നു. 8,000 രൂപ വില കൊടുത്തു വാങ്ങിയതാണെന്നും ഇതുവഴി പോകുമ്പോൾ സമീപത്തുണ്ടായിരുന്ന സുഹൃത്തിന് കാണിച്ചു കൊടുത്തപ്പോൾ അബദ്ധം പറ്റിയതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. രാത്രിയോടെ യുവാവിനെ വിട്ടയച്ചു.