വടകര – മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക്; 21.8 കോടി രൂപയുടെ പണി തുടങ്ങി

Mail This Article
വടകര ∙ 2025 അവസാനത്തോടെ വടകര – മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്താൻ തിരക്കിട്ട ശ്രമം. കനാലിന്റെ റീച്ച് രണ്ടിലെ പ്രവൃത്തി പൂർണമായും റീച്ച് 4,5 പ്രവൃത്തി 90 ശതമാനവും പൂർത്തിയായെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ബാക്കിയുള്ള 21.8 കോടി രൂപയുടെ പണി തുടങ്ങി. 3.24 കിലോമീറ്റർ വരുന്ന റീച്ച് മൂന്നിലെ പണി 51% പൂർത്തിയാക്കി.
ഉയർന്ന കട്ടിങ് ആവശ്യമായ 800 മീറ്ററിലെ പര്യവേക്ഷണം പൂർത്തിയാക്കി ഡിസൈൻ തയാറാക്കാൻ നടപടിയായിട്ടുണ്ട്. ജലപാതയ്ക്ക് കുറകെയുള്ള വെങ്ങോളിപ്പാലം പൂർത്തിയാക്കി. കരിങ്ങാലി മുക്ക്, മൂഴിക്കൽ ലോക്ക് കം ബ്രിജ് പണി അവസാന ഘട്ടത്തിലാണ്. 14 നടപ്പാലത്തിൽ 2 എണ്ണം മാത്രമേ പൂർത്തിയാകാനുള്ളൂ. വരയിൽ താഴ, കായപ്പനച്ചി ബോട്ട് ജെട്ടികളുടെ പണി പൂർത്തിയായി. കച്ചേരി ബോട്ട് ജെട്ടി പണി ഉടൻ തുടങ്ങും. 17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലത്തിന് സാങ്കേതിക അനുമതി ലഭ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട്.