പൊലീസ് ചെയ്യുന്ന പ്രധാന സേവനങ്ങൾ ചർച്ചയാവുന്നില്ല: മുഹമ്മദ് റിയാസ്

Mail This Article
കോഴിക്കോട്∙ പൊലീസിലെ ചെറിയൊരു വിഭാഗം ചെയ്യുന്ന മോശം കാര്യങ്ങൾ മാത്രമാണ് പുറംലോകം ചർച്ച ചെയ്യുന്നതെന്നും സമൂഹത്തിനു ചെയ്യുന്ന പ്രധാന സേവനങ്ങൾ ചർച്ചയാവുന്നില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ കൊലപാതകങ്ങളിൽ കലാശിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് വർഗീയസംഘർഷങ്ങളുണ്ടാവാതെ കാത്തുസൂക്ഷിക്കുന്നത് പൊലീസിന്റെ മികവാണ്. ഏതു പാതിരാത്രിയിലും ജനങ്ങൾക്ക് നിർഭയം സഹായമഭ്യർഥിച്ച് കയറിച്ചെല്ലാവുന്ന ജനസൗഹൃദ ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.ഷാജു അധ്യക്ഷനായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, ഡിസിപി അനൂജ് പലിവാൾ, എസ്പിമാരായ കെ.അബ്ദുൽ റസാഖ്, എൽ.സുരേന്ദ്രൻ, എസിപി എ.ജെ. ജോൺസൻ, കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ്, കെപിഒഎ ജില്ലാ സെക്രട്ടറി സി.പ്രദീപ്കുമാർ, സ്വാഗത സംഘം ചെയർമാൻ ടി.രതീഷ്, കൺവീനർ സി.കെ.റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഇ.വി. പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.ആർ.രഘീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡിജിറ്റൽ ബ്ലഡ് ആപ്പ് പ്രകാശനം നടന്നു. കുടുംബസംഗമം നടൻ കെ.ആർ.ഗോകുൽ ഉദ്ഘാടനം ചെയ്തു. കലാ കൺവീനർ പി.കെ.രാജേഷ് അധ്യക്ഷനായിരുന്നു. നടൻ കാതൽ സുധി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.നിറാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തൊണ്ടയാട് പൊലീസ് സ്റ്റേഷൻ വേണം
ബൈപാസ് വികസനത്തോടെ തിരക്കേറിയ മേഖലയായി മാറുന്ന തൊണ്ടയാട് പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പ്രമേയം. തൊണ്ടയാട് മേഖലയിൽ പൊലീസിന് രാപകൽ ജോലിഭാരം കൂടുതലാണ്. അപകടങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളജ്, പന്തീരാങ്കാവ് സ്റ്റേഷനുകളെ വിഭജിക്കുകയും ക്രമസമാധാനത്തിനും ട്രാഫിക് നിയന്ത്രണത്തിനും ആവശ്യമായ അംഗസംഖ്യയോടെ തൊണ്ടയാട് പൊലീസ് സ്റ്റേഷൻ രൂപീകരിക്കുകയും വേണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.