നിയന്ത്രണം വിട്ട ബസ് പറമ്പിലേക്ക് ഇടിച്ചുകയറി; വീടിന്റെ മതിൽ തകർന്നു, തെങ്ങും മാവും മുറിഞ്ഞുവീണു

Mail This Article
കാക്കൂർ ∙ പൊലീസ് സ്റ്റേഷനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിൽ തകർത്ത് വീടിന്റെ പറമ്പിലേക്ക് ഇടിച്ചു കയറി. കോഴിക്കോട്ടു നിന്നു ബാലുശ്ശേരിയിലേക്കു പോയ എത്തിഹാദ് ചാനൽ 2 ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ പത്തോടെയാണ് സംഭവം.പരുക്കേറ്റ യാത്രക്കാരി ചേളന്നൂർ കണ്ണങ്കര നമ്പിനാത്ത് താഴത്ത് ജോഷിലയെ (49) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും യാത്രക്കാർക്ക് ചെറിയ പരുക്കുകളുണ്ട്. കാക്കുകുഴിയിൽ ആയിഷ മൻസിലിൽ അബൂബക്കറിന്റെ മതിലാണ് ബസ് ഇടിച്ചു തകർന്നത്. പറമ്പിലെ തെങ്ങും മാവും മുറിഞ്ഞുവീണു. തെങ്ങിന്റെ ഒരു ഭാഗം സമീപത്തെ കടയിലേക്കാണ് പതിച്ചത്. റോഡരികിലെ കലുങ്കും തകർന്നു.
മഴയിൽ നനഞ്ഞ റോഡിൽ നിന്നു തെന്നി പറമ്പിലേക്ക് ഇടിച്ചു കയറിയ ബസ് തിരിഞ്ഞ് എതിർദിശയിലേക്ക് നിന്നു. ബസ് തെന്നി മാറി വെട്ടിത്തിരിഞ്ഞ ഭാഗത്ത് റോഡിൽ മീൻ വിൽപനക്കാരന്റേതുൾപ്പെടെ 3 ബൈക്കും ഒരു കാറും ഉണ്ടായിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് ഇവർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ഈ റൂട്ടിൽ വാഹനങ്ങളുടെ അമിത വേഗം അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു.