ദുബായിയിൽ ബിസിനസുകാരനായ യുവാവ് ലഹരി മരുന്നുമായി താമരശേരിയിൽ പിടിയിൽ

Mail This Article
കോഴിക്കോട്∙ മാരക ലഹരി മരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയും കഞ്ചാവുമായി ബിസിനസുകാരന്‍ പിടിയിൽ. കൊടുവള്ളി പറമ്പത്ത് കാവ് വെള്ളച്ചാലിൽ മൂസക്കോയയെ ആണ് താമരശേരി സിവിൽ സ്റ്റേഷന് സമീപത്തു വച്ച് താമരശേരി പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും രണ്ട് എൽഎസ്ഡി സ്റ്റാമ്പും ഒന്നര ഗ്രാം എംഡിഎംഎയും 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതി ഉപയോഗിച്ചിരുന്ന ജീപ്പും കസ്റ്റഡിയിലെടുത്തു.
ദുബായിൽ ബിസിനസുകാരനായ പ്രതി കോഴിക്കോട്ടെ ലഹരിമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്. 2010ൽ ദുബായിൽനിന്നും നാലു കിലോഗ്രാം സ്വർണം കടത്തുന്നതിനിടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഡിആർഐ പിടികൂടിയിരുന്നു. അന്ന് 10 ദിവസത്തോളം ജയിലിൽ കഴിഞ്ഞു.
താമരശേരി ഡിവൈഎസ്പി എം.പി.വിനോദിന്റെ നിർദേശപ്രകാരം എസ്ഐമാരായ ഒ.എൻ ലക്ഷ്മണൻ, ഒ.സതീഷ് കുമാർ, എം.ഇ.പ്രകാശൻ, രാജീവ് ബാബു, സീനിയർ സിപിഒ സി.പി.പ്രവീൺ കുമാർ, സിപിഒമാരായ എം.മുജീബ്, എ.രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.