മദ്യപാനം ബസുകളിൽ പരിശോധന; ഊതി കുടുങ്ങിയത് 2 ഡ്രൈവർമാർ

Mail This Article
മേപ്പയൂർ∙ ബസ് അപകടങ്ങൾ പതിവായതോടെ പൊലീസ് പരിശോധന തുടങ്ങി. സ്കൂൾ വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നെന്ന പരാതിയും ലഭിച്ചതോടെയാണ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, എസ്ഐ സി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. പേരാമ്പ്ര - വടകര, മേപ്പയൂർ - കൊയിലാണ്ടി റൂട്ടിലോടുന്ന 17 ബസുകളിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്.
ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി. ഹരേ റാം, സാരംഗ് എന്നീ ബസുകളിലെ ഡ്രൈവർമാരായ ആവടുക്ക മലപ്പാടി കണ്ടി എം.കെ.ഷിനിൽ (32), പയ്യോളി ശ്രേയസ് നിടിയപറമ്പിൽ സൂര്യപ്രകാശ് (27) എന്നിവരുടെ പേരിൽ കേസ് എടുത്തതായി എസ്ഐ പറഞ്ഞു. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡിക്ക് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒരു വിദ്യാർഥി ബസിൽ കയറാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ തള്ളുകയും ബസിൽ കയറാൻ സമ്മതിച്ചില്ലെന്നും പരാതി ലഭിച്ചതോടെയാണ് ഇന്നലെ അതിരാവിലെ മുതൽ പൊലീസ് പരിശോധന നടത്തിയത്. സിപിഒമാരായ സന്തോഷ്കുമാർ, ഒ.എം.ബിജു, സി.പി.രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.