ADVERTISEMENT

ഫറോക്ക് ∙ പതിറ്റാണ്ടുകളായി ജനങ്ങൾ ആശ്രയിക്കുന്ന വെസ്റ്റ് നല്ലൂർ അടിപ്പാത റെയിൽവേ കെട്ടിയടച്ചത് യാത്രക്കാരെ വലച്ചു. മുന്നറിയിപ്പില്ലാതെ വഴിയടച്ചതോടെ വിദ്യാർഥികളടക്കം ഒട്ടേറെ പേർ പ്രയാസപ്പെട്ടു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയിൽ പാളങ്ങൾ ഉപയോഗിച്ച് അടിപ്പാത അടച്ചത്. രാവിലെ ഇതുവഴി വന്നപ്പോഴാണ് കാലങ്ങളായി സഞ്ചരിക്കുന്ന വഴി അടച്ചത് നാട്ടുകാർ കണ്ടത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റെയിൽപാളം കടന്നാണു പോയത്. വാഹന യാത്രക്കാർ റെയിൽവേ മേൽപാലം വഴിയും കരുവൻതിരുത്തി റോഡ് വഴിയും ഏറെ ചുറ്റി വളഞ്ഞു പോകേണ്ടി വന്നു. 

40 വർഷമായി വാഹന ഗതാഗതമുള്ളതാണ് അടിപ്പാത. നഗരസഭ 2, 3, 30, 31, 32 വാർഡുകളിൽ ഉൾപ്പെടുന്ന റെയിലിനു പടിഞ്ഞാറൻ പ്രദേശങ്ങളായ വെസ്റ്റ് നല്ലൂർ, പൂത്തോളം, പുറ്റെക്കാട്, പള്ളിത്തറ, പാണ്ടിപ്പാടം, മുക്കോണം, തെക്കേത്തല ഭാഗങ്ങളിലേക്കുള്ള യാത്രാമാർഗമാണിത്. അടിപ്പാതയിൽ സഞ്ചാരം വിലക്കിയ നടപടിയിൽ പരക്കെ പ്രതിഷേധം ഉയർന്നു. സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ജനങ്ങളുടെ യാത്രാപ്രശ്നം റെയിൽവേ അധികൃതരെ അറിയിച്ചു.

അടിയന്തര കൗൺസിൽ  യോഗം ചേർന്നു
ഫറോക്ക് ∙ റെയിൽവേ അധികൃതർ കെട്ടിയടച്ച വെസ്റ്റ് നല്ലൂർ അടിപ്പാത അടിയന്തരമായി സഞ്ചാരത്തിനു തുറക്കണമെന്നു നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു. അടിയന്തര കൗൺസിൽ ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതു റെയിൽവേ ഡിവിഷനൽ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അറിയിക്കും. നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.

റെയിൽവേ അധികൃതരെ പരാതി അറിയിച്ച് എംപി
ഫറോക്ക് ∙ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന ഫറോക്ക് വെസ്റ്റ് നല്ലൂർ റെയിൽവേ അടിപ്പാത ഉടൻ  തുറന്നു കൊടുക്കണമെന്ന് എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജരെ എംപി ഫോണിൽ വിളിച്ചു സംസാരിച്ചു. ഇന്ന് രാവിലെ എംപിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com