റെയിൽവേ അധികൃതർ കെട്ടിയടച്ച വെസ്റ്റ് നല്ലൂർ റോഡിലെ അടിപ്പാത അജ്ഞാതർ തുറന്നിട്ടു

Mail This Article
ഫറോക്ക് ∙ റെയിൽവേ അധികൃതർ കെട്ടിയടച്ച വെസ്റ്റ് നല്ലൂർ റോഡിലെ അടിപ്പാത അജ്ഞാതർ തുറന്നിട്ടു. റെയിൽവേ സ്ഥാപിച്ച ഇരുമ്പ് ഭാഗങ്ങൾ നീക്കം ചെയ്ത് കഴിഞ്ഞ രാത്രിയാണ് പാത തുറന്നത്. ഇതോടെ ജനം ഇതുവഴി സഞ്ചാരം പുനരാരംഭിച്ചു. അടച്ചിട്ട ഓവുപാലത്തിൽ സ്ഥാപിച്ച ഇരുമ്പ് റെയിൽ ഭാഗങ്ങൾ എടുത്തു മാറ്റിയ സംഭവത്തിൽ റെയിൽവേ അധികൃതർ ഫറോക്ക് പൊലീസിൽ പരാതി നൽകി.
ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പൊതുവഴിയല്ലെന്നും പാളം കുറുകെ കടക്കാൻ കരുവൻതിരുത്തി റോഡിലെ അടിപ്പാത ഉപയോഗിക്കണമെന്നും സൂചിപ്പിച്ച് സ്ഥലത്ത് റെയിൽവേ ബാനർ സ്ഥാപിച്ചു. പതിറ്റാണ്ടുകളായി ജനങ്ങൾ സഞ്ചരിക്കുന്ന അടിപ്പാത കഴിഞ്ഞദിവസം പുലർച്ചെയാണു റെയിൽവേ കെട്ടിയടച്ചത്.
ഇതു റെയിലിനു പടിഞ്ഞാറൻ മേഖലയിലെ നൂറുകണക്കിനു യാത്രക്കാരെ ബാധിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ വഴിയടച്ച റെയിൽവേ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണ് റെയിൽവേ സ്വീകരിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു.
ഓവുപാലമാണെന്നും യാത്ര പാടില്ലെന്നും റെയിൽവേ; സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികളെ മാനിക്കണമെന്നും അഭ്യർഥന
ഫറോക്ക് ∙ വെസ്റ്റ് നല്ലൂർ റോഡിൽ മൈനർ റെയിൽവേ ബ്രിജ് നിർമിച്ചത് മഴവെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടി മാത്രമാണെന്ന് റെയിൽവേ. ട്രാക്കുകൾ കുറുകെ കടക്കുന്നതിനുള്ള പൊതു ഉപയോഗത്തിന് ഉദ്ദേശിച്ചുള്ളതല്ലെന്നും ഒഴുക്ക് സുഗമമാക്കുന്നതിനും റെയിൽവേ പ്രവർത്തനങ്ങളുടെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കുന്നതിനാണു പാലം നിർമിച്ചതെന്നും അധികൃതർ അറിയിച്ചു.
അനധികൃത ഉപയോഗം തടയുന്നതിനാണ് ജലപാത പാലം അടച്ചിടാൻ തീരുമാനിച്ചത്. പാലത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് അറിയാതെയാണ് പൊതുജനങ്ങൾ പ്രതികരിക്കുന്നത്. റെയിൽവേ സ്ഥാപിച്ച തടസ്സങ്ങൾ നീക്കാൻ ചിലർ ശ്രമിച്ചു. റെയിൽവേ സ്വത്തുക്കളിൽ അതിക്രമിച്ച് കടക്കുന്നതും ആസ്തികൾ നശിപ്പിക്കുന്നതും റെയിൽവേ ചട്ടങ്ങളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്. ജലപാത പാലം ഉദ്ദേശിച്ച പ്രവർത്തനത്തിനു അല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാനും സേവനങ്ങളുടെ സുരക്ഷയ്ക്കും പ്രവർത്തനക്ഷമതയ്ക്കും വേണ്ടിയുള്ള നടപടികളെ മാനിക്കാനും റെയിൽവേ അഭ്യർഥിച്ചു.

എം.കെ.രാഘവൻ എംപി സന്ദർശിച്ചു
ഫറോക്ക് ∙ കാലങ്ങളായി ജനങ്ങൾ സഞ്ചരിക്കുന്ന വെസ്റ്റ് നല്ലൂർ അടിപ്പാത അടച്ചു കെട്ടാനുള്ള റെയിൽവേ നടപടി ശരിയല്ലെന്നും ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽ നിന്നു ഉദ്യോഗസ്ഥർ പിന്മാറണമെന്നും എം.കെ.രാഘവൻ എംപി. രാവിലെ അടിപ്പാലം സന്ദർശിക്കാനെത്തിയ എംപിയോട് നാട്ടുകാർ യാത്രാ ദുരിതം വിവരിച്ചു.
അടിപ്പാത അടച്ചു കെട്ടിയാൽ നഗരസഭ 2, 3, 30, 31, 32 വാർഡുകളിൽ ഉൾപ്പെടുന്ന റെയിലിനു പടിഞ്ഞാറൻ പ്രദേശങ്ങളായ ചെനപ്പറമ്പ് ഈസ്റ്റ്, വെസ്റ്റ് നല്ലൂർ, പൂത്തോളം, പുറ്റെക്കാട്, പള്ളിത്തറ, പാണ്ടിപ്പാടം, മുക്കോണം, തെക്കേത്തല ഭാഗങ്ങളിലേക്കുള്ളവർ പ്രയാസപ്പെടുമെന്ന് നാട്ടുകാർ എംപിയെ ധരിപ്പിച്ചു. നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ്, ഉപാധ്യക്ഷ കെ.റീജ, സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.അഷറഫ്, കെ.തസ്‌വീർ ഹസ്സൻ, കെ.എം.ഹനീഫ, കെ.സുരേഷ്, വി.മുഹമ്മദ് ഹസ്സൻ, ബാബു വാളക്കട, ഷാജി പറശ്ശേരി, വിജയകുമാർ പൂതേരി, പി.മുരളീധരൻ, ഒ.ഭക്തവത്സലൻ, കെ.ടി.മുരളീധരൻ എന്നിവർ ഒപ്പമുണ്ടായി.