ആറുവരി ദേശീയപാത: പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്നതിനിടയിൽ ക്രെയിൻ നില തെറ്റി

Mail This Article
രാമനാട്ടുകര ∙ ആറുവരി ദേശീയപാതയിൽ പുതുതായി നിർമിക്കുന്ന അറപ്പുഴ പാലത്തിന് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ലോഞ്ചിങ് ക്രെയിൻ തെന്നിമാറി. ആളപായമില്ല. രാവിലെ 8.45നാണു അപകടം. ഗാൻട്രി ഗർഡർ യന്ത്രം റെയിലിൽ നിന്നു പുറത്തേക്ക് നീങ്ങിയതോടെ ജനറേറ്റർ ഉൾപ്പെടെയുള്ള ഭാഗം ഒരു വശത്തേക്ക് ചെരിഞ്ഞു.
തൂണുകളിൽ പിയർ ക്യാപ് നിർമാണം പൂർത്തിയായതോടെയാണ് പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങിയത്. 3 സ്പാനുകൾക്കുള്ള 15 ഗർഡറുകൾ സ്ഥാപിച്ച ശേഷം നാലാമത്തെ സ്പാനിന്റെ കോൺക്രീറ്റ് ഗർഡർ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോഞ്ചിങ് ക്രെയിൻ സംവിധാനം നില തെറ്റിയത്.ഇതോടെ താൽക്കാലികമായി പണികൾ നിർത്തിവച്ച ശേഷം ലോഞ്ചിങ് ക്രെയിനിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി.
ബൈപാസിൽ സേവാമന്ദിരം ഭാഗത്ത് നേരത്തേ നിർമിച്ചു വച്ച കോൺക്രീറ്റ് ഗർഡറുകൾ ലോറിയിൽ എത്തിച്ചാണ് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് പാലത്തിന്റെ തൂണുകളിലേക്കു നീക്കുന്നത്. ചാലിയാറിനു കുറുകെ നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് അറപ്പുഴയിൽ പുതിയ പാലം നിർമിക്കുന്നത്. 8 സ്പാനുകളോടെ 296 മീറ്റർ നീളത്തിലാണ് പാലം. 15.5 മീറ്ററാണ് വീതി. 3 മാസം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രവൃത്തി രണ്ടു ദിവസത്തിനകം പുനരാരംഭിക്കാനാകുമെന്നു അധികൃതർ അറിയിച്ചു.