ചായക്കടയിലെ തീപിടിത്തം: പൊള്ളലേറ്റ പാചകക്കാരൻ മരിച്ചു

Mail This Article
കോഴിക്കോട്∙ മുതലക്കുളത്തെ ചായക്കടയിൽ കഴിഞ്ഞ ദിവസം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പാചകക്കാരൻ മരിച്ചു. മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് അബ്ദുട്ടിയുടെയും സൈനബയുടെയും മകൻ ഖുത്തുബുദ്ദീൻ (മാനുപ്പ-42) ആണു മരിച്ചത്. കബറടക്കം ഇന്ന് താളിയംകുണ്ട് ജുമാ മസ്ജിദിൽ.
വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് മുതലക്കുളം ബസ് സ്റ്റോപ്പിനു സമീപത്തെ ഡിവൈൻ ബേക്കറി ആൻഡ് ടീ ഷോപ്പിൽ തീപിടിത്തമുണ്ടായത്. പാചകവാതകം ചോരുകയും തീപിടിത്തമുണ്ടാവുകയും തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. കുത്തുബുദ്ദീനും ത്രിപുര സ്വദേശി വിശ്വദീപുമാണ് കടയിലുണ്ടായിരുന്നത്.
തീയിലൂടെ പുറത്തേക്കു ചാടിയ വിശ്വദീപ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം കടയ്ക്കകത്തു കുടുങ്ങിയ കുത്തുബുദ്ദീന് പുറത്തേക്കെത്താൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരുമെത്തിയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മിംസ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കട പൂർണമായും കത്തിനശിച്ചു. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പൊലീസ് പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.