വീടും പരിസരവും വനം, തേടിയെത്തി വനമിത്ര

Mail This Article
വടകര ∙ വീടും പരിസരവും വനം പോലെ.അതിൽ നിറയെ ഔഷധ സസ്യങ്ങളും ചെടികളും. പ്രകൃതി സ്നേഹത്തിന്റെ വാതായനം പുതിയ തലമുറയ്ക്കു വരെ പകർന്നു നൽകുന്ന മഹത്തര കർമം കണക്കിലെടുത്ത് റിട്ട. അധ്യാപിക രയരങ്ങോത്ത് ആർ. ഇന്ദിരയ്ക്കു വീണ്ടും അവാർഡ്. ഇത്തവണ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് (25,000) ആണ് അവരെ തേടിയെത്തിയത്.
ഊരാളുങ്കൽ എവിഎസ്എൽപി സ്കൂളിൽ നിന്നു വിരമിച്ച ശേഷമാണ് ഇന്ദിര ചെടികളുടെയും വൃക്ഷങ്ങളുടെയും ലോകത്ത് സജീവമാകുന്നത്. സ്വന്തമായുള്ള 33 സെന്റിൽ എത്ര മരം ഉണ്ടെന്നു ചോദിച്ചാൽ ഇല്ലാത്തതായി ഒന്നുമില്ല എന്നായിരിക്കും മറുപടി. 35 തെങ്ങും കുറെ വാഴയും സമൃദ്ധമായി വളരുന്ന പറമ്പിലാണ് ഈ വൃക്ഷ – സസ്യ ശേഖരം. ഒരു വർഷം മുൻപ് ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച സംരക്ഷണ കർഷക (സസ്യജാലം) അവാർഡ് ഇന്ദിരയ്ക്കു ലഭിച്ചിരുന്നു. 73–ാം വയസ്സിലും തോട്ട പരിചരണത്തിൽ സജീവയാണ് ഇന്ദിര. കൂടെ ഭർത്താവ് അഡ്വ.സുഭാഷ് ചന്ദ്രബോസും.