ADVERTISEMENT

കോഴിക്കോട്∙ വിടപറഞ്ഞ രാജഭരണത്തിന്റെ പിൻതലമുറക്കാരനു നൂറാം പിറന്നാൾ ആശംസിക്കാനെത്തിയ ജനായത്തഭരണത്തിന്റെ ഇളംതലമുറക്കാരനെ സാമൂതിരി കുടുംബം സ്വീകരിച്ചത് പഴയ അതേ ആതിഥ്യമര്യാദയോടെ.

 നൂറാം പിറന്നാൾ ആഘോഷിക്കുന്ന സാമൂതിരി കെ.സി.ഉണ്ണി അനുജൻ രാജയെ കാണാൻ അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ തിരുവണ്ണൂരിലെ വസതിയിൽ എത്തിയത് ചരിത്രത്തിന്റെ 2 കാലഘട്ടങ്ങളുടെ കണ്ടുമുട്ടൽ കൂടിയായി മാറി. 

രാജഭരണത്തെക്കുറിച്ചും സാമൂതിരിയെക്കുറിച്ചും ധാരാളം കേട്ടും വായിച്ചും മനസ്സിലാക്കിയ ആയുഷ് ഗോയലിന്റെ മുഖത്ത് അതേ ചരിത്രം നേരിൽ കാണാനായതിന്റെ അദ്ഭുതവും സന്തോഷവും ആയിരുന്നു . എല്ലാം കേട്ട് സന്തോഷത്തോടെ ഒരു പുഞ്ചിരി മാത്രമായിരുന്നു സാമൂതിരിയുടെ മറുപടി.

കോഴിക്കോട് ഐഐഎമ്മിൽ‌ 5 വർഷത്തെ പഠനം പൂർത്തിയാക്കിയ മുൻകാല കോഴിക്കോട് അനുഭവവും അദ്ദേഹം സാമൂതിരിയോടു പങ്കുവച്ചു. ഈ ചരിത്ര നിമിഷത്തിൽ പങ്കുകൊള്ളാനായതു തന്റെ ഭാഗ്യമാണെന്നു പറഞ്ഞ ആയുഷ് സാമൂതിരിയുടെ വാണിജ്യപാരമ്പര്യം എടുത്തു പറഞ്ഞു. പോർച്ചുഗീസുകാർക്ക് ഗോവയേക്കാളും പുതുച്ചേരിയേക്കാളും എളുപ്പം വാണിജ്യത്തിനു വഴിതുറന്നത് കോഴിക്കോട്ടായിരുന്നു. 

അതിനു സഹായകരമായത് സാമൂതിരിയുടെ ആതിഥ്യമര്യാദയായിരുന്നു. പോർച്ചുഗീസുകാർക്ക് ഇന്ത്യയിൽ വാണിജ്യത്തിനു വഴി തുറന്ന സാമൂതിരിയുടെ പാരമ്പര്യമാണ് കോഴിക്കോടിനെ ഇന്നും വാണിജ്യകേന്ദ്രമാക്കി നിലനിർത്താൻ സഹായകരമായതെന്ന് ആയുഷ് വിലയിരുത്തി. 

കംപ്യൂട്ടറൈസ്ഡ് ലെയ്ത്ത് പഠിക്കാൻ ജർമനിയിൽ പോയ സാമൂതിരിയെ മരുമകൻ പരിചയപ്പെടുത്തിയപ്പോൾ അദ്ഭുതത്തോടെ ആ കഥകൾ കേട്ടിരുന്ന അസിസ്റ്റന്റ് കലക്ടർ സാമൂതിരിയുടെ വിദ്യാഭ്യാസകാലവും മറ്റും ചോദിച്ചു മനസ്സിലാക്കി. സാമൂതിരി കോളജിൽനിന്ന് ആദ്യകാലപഠനം പൂർത്തിയാക്കി മദ്രാസ് എൻജിനീയറിങ് കോളജിൽ പോയി ബിരുദം നേടി ജംഷഡ്പുരിലും കളമശേരിയിലും എൻജിനീയറായി ജോലി ചെയ്ത സാമൂതിരിയുടെ അനുഭവങ്ങൾ മക്കളും പങ്കുവച്ചപ്പോൾ ആദരവോടെ അതെല്ലാം മനസ്സിലാക്കിയ അദ്ദേഹം സാമൂതിരിയുടെ കൈകൾ ചേർത്തുപിടിച്ചു.

5 വർഷം മുൻപത്തെ ആരോഗ്യത്തോടെയുള്ള സാമൂതിരിയുടെ ഫോട്ടോ മുറിയിൽ കണ്ടപ്പോൾ അദ്ദേഹം തന്നെയല്ലേ ഇതെന്നു ചോദിച്ചുറപ്പിച്ച അസിസ്റ്റന്റ് കലക്ടർ ഇനിയും ഒരുപാടു കാലം ഇതേ ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് ആശംസിച്ചാണ് മടങ്ങിയത്. 

നേരത്തെ നിശ്ചയിച്ച പരിപാടിക്ക് തലസ്ഥാനത്തേക്ക് പോകാനുണ്ടെന്നു പറഞ്ഞ ആയുഷ് ഗോയൽ താൻ വീണ്ടും സാമൂതിരിയെ കാണാൻ വരുമെന്നും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുമെന്നും മറുപടി പറഞ്ഞു. സാമൂതിരിയുടെ മക്കളായ സരസി രാജ, ശാന്തിലത രാജ, മായാദേവി രാജ, മരുമകൻ ഗോവിന്ദ് ചന്ദ്രശേഖർ എന്നിവരും അസിസ്റ്റന്റ് കലക്ടറെ സ്വീകരിക്കാനുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com