ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷൻ റവന്യു ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ്‌വേഡും ചോർത്തി വ്യാജരേഖയുണ്ടാക്കി നഗരത്തിലെ ഇരുനൂറോളം കെട്ടിടങ്ങൾക്കു അനധികൃത നമ്പർ നൽകിയ കേസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (നോർത്ത് റേഞ്ച്) എസ്പി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ടു ഫയൽ കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടറേറ്റിൽ നിന്നു റേഞ്ച് ഓഫിസിൽ ലഭിച്ചതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും (ഡിസിബി) അന്വേഷിച്ച കേസിൽ കോർപറേഷനിലെ രണ്ടു ജീവനക്കാർ ഉൾപ്പെടെ 7 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2022 ജൂൺ 18നാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി. ജീവനക്കാർ രണ്ടു പേരെ 2022 ജൂൺ 22 ന് സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ കോർപറേഷൻ വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ ജീവനക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാൽ ജീവനക്കാർക്കെതിരെ കോർപറേഷൻ നടപടിക്രമം പാലിച്ചില്ലെന്നു കണ്ടെത്തി കഴിഞ്ഞ മാസം ട്രൈബ്യൂണൽ വിധി വന്നു. 

കോർപറേഷനിലെ രണ്ടു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കാനും ആ കാലയളവിലെ എല്ലാ ആനുകൂല്യങ്ങളോടും കൂടി ഡ്യൂട്ടിയായി കണക്കാക്കാനുമാണു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.എന്നാൽ യൂസർ ഐഡിയും പാസ്‌വേഡും ചോർത്തി വ്യാജരേഖ നിർമിച്ച് കോർപറേഷനിൽ 195 കെട്ടിടങ്ങൾക്കു അനധികൃതമായി നമ്പർ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് ഗൂഢാലോചന, വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നീ കുറ്റങ്ങളിലാണു കേസെടുത്തത്. തുടർന്നു ജില്ലാ ക്രൈംബ്രാഞ്ചിനു അന്വേഷണം കൈമാറി. 

അസിസ്റ്റന്റ് കമ്മിഷണർ വി.സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ വിവരങ്ങളും പ്രതികൾക്കെതിരെയുള്ള അനുബന്ധ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേസിൽ സർക്കാർ ജീവനക്കാർ ഉൾപ്പെട്ട സാഹചര്യത്തിൽ കേസിൽ കൂടുതൽ വിവരത്തിനു വിജിലൻസ് അന്വേഷണം നടത്തണമെന്നു കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണു പ്രതികൾക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് (നോർത്ത് റേഞ്ച്) വിഭാഗത്തിനു കഴിഞ്ഞ ദിവസം ഫയൽ കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com