കാഴ്ചയുടെ വാതിൽ തുറന്ന് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം
Mail This Article
കൂരാച്ചുണ്ട് ∙ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചത്. കരിയാത്തുംപാറ ബീച്ച് മേഖലയിൽ പ്രവേശനം ഉണ്ടാകും. അമിത ജലപ്രവാഹം ഉണ്ടാകുന്ന പാറക്കടവ് മേഖലയിൽ സുരക്ഷ പരിഗണിച്ച് ടൂറിസ്റ്റുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബീച്ച് മേഖലയിൽ പ്രദേശവാസികളായ കൂടുതൽ ഗൈഡുകളെ നിയമിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ചെളിക്കുഴി മൂടണം
കരിയാത്തുംപാറ – തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡിന്റെ വശത്ത് ജലജീവൻ പൈപ്പിടാൻ കുഴിയെടുത്തത് കൃത്യമായി മൂടാത്തതു കാരണം പാതയോരം ചെളിക്കുഴിയായി മാറി. ഇത് ഗതാഗത പ്രശ്നത്തിനു കാരണമാകുന്നുണ്ട്. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിൽ അകപ്പെടുകയാണ്. ജലജീവൻ പൈപ്പിന്റെ പ്രവൃത്തി നടത്തിയവർ കുഴി മണ്ണിട്ടു മൂടാത്തതിനാൽ പല ഭാഗത്തും അപകടഭീഷണിയാണ്. ക്വാറി അവശിഷ്ടം ഉപയോഗിച്ച് പാതയോരം ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നു ടൂറിസ്റ്റുകൾ ആവശ്യപ്പെട്ടു.