ADVERTISEMENT

കോഴിക്കോട്∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ എറ്റവും പ്രായംകുറഞ്ഞ താരം കോഴിക്കോട്ടുനിന്ന്. 14 വയസ്സു മാത്രമുള്ള ഒൻപതാം ക്ലാസുകാരി ധിനിധി ദേസിംഗൂ ആണ് വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.  കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി വളപ്പിൽ ജസിതയുടെയും തമിഴ്നാട് വെല്ലൂർ വാലാജപ്പേട്ട് ദേസിംഗൂവിന്റെയും ഏക മകളാണ് ധിനിധി ദേസിംഗൂ. ബെംഗളൂരുവിൽ ഡിആർഡിഒയിൽ ടെക്നിക്കൽ ഓഫിസറാണ് ജസിത. ഗൂഗിളിൽ ഹാർഡ്‌വെയർ എൻജിനീയറാണ് ദേസിംഗൂ. ധിനിധി ബെംഗളൂരു ഡിആർഡിഒ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. 

ധിനിധി ദേസിംഗൂ അമ്മ ജസിതയ്ക്കും അമ്മമ്മ പുഷ്പമണിക്കും അമ്മയുടെ അച്ഛൻ വിജയനുമൊപ്പം പുതിയങ്ങാടി വളപ്പിൽ വീട്ടിൽ.
ധിനിധി ദേസിംഗൂ അമ്മ ജസിതയ്ക്കും അമ്മമ്മ പുഷ്പമണിക്കും അമ്മയുടെ അച്ഛൻ വിജയനുമൊപ്പം പുതിയങ്ങാടി വളപ്പിൽ വീട്ടിൽ.

കഴിഞ്ഞയാഴ്ച പുതിയങ്ങാടിയിലെ വീട്ടിൽ അമ്മയുടെ അച്ഛൻ വളപ്പിൽ വിജയനെയും അമ്മമ്മ പുഷ്പമണിയെയും കാണാൻ ധിനിധി എത്തിയിരുന്നു.  കോഴിക്കോട്ടെ വീട്ടിൽവച്ചാണ് ഒളിംപിക്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിവരമെത്തിയത്. ഏഴാം വയസ്സിൽ ഒരു പാഠ്യേതര പ്രവർത്തനമെന്ന നിലയിലാണ് ധിനിധിയെ നീന്തൽ പഠിക്കാൻ അച്ഛനുമമ്മയും ചേർത്തത്.     ആദ്യം നീന്തൽക്കുളം കണ്ട് ധിനിധി പേടിച്ചു പിൻമാറി. പക്ഷേ വിട്ടുകൊടുത്തില്ല. നേട്ടത്തിന്റെ പടവുകൾ ഓരോന്നായി നീന്തിക്കയറി.

ഒൻപതാം വയസ്സിൽ കർണാടക സ്റ്റേറ്റ് സബ് ജൂനിയർ ആൻഡ് ജൂനിയർ അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത 6 മത്സരങ്ങളിലും സ്വർണമെഡൽ നേടിയായിരുന്നു തുടക്കം. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ 31 വർഷം പഴക്കമുള്ള 40.37 സെക്കൻഡിന്റെ റെക്കോർഡ് 2021ൽ 39.23 സെക്കൻഡിൽ തിരുത്തിക്കുറിച്ചു. 

ജൂനിയർ, സബ് ജൂനിയർ നാഷനൽ അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 200 മീറ്റർ വ്യക്തിഗതം, 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക് തുടങ്ങിയവയിലും മെഡലുകൾ നേടി. കർണാടക മിനി ഒളിംപിക്സിൽ 3 സ്വർണ മെഡൽ, ഖേലോ ഇന്ത്യ ജൂനിയർ വിമൻസ് സ്വിമ്മിങ് സിരീസിൽ ഒരു സ്വർണം, ഒരു വെള്ളി മെഡൽ, സീനിയർ നാഷനൽ അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 3 സ്വർണം, നാഷനൽ ഗെയിംസ് 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെള്ളി മെഡൽ, 200 മീറ്റർ റിലേയിൽ സ്വർണം എന്നിങ്ങനെ മെഡലുകളുടെ പട്ടിക നീളുന്നു. 

ദേശീയ ഗെയിംസിലും സീനിയർ നാഷനൽ ചാംപ്യൻഷിപ്പുകളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ധിനിധി സ്വിമ്മിങ് ഫെഡറേഷന്റെ മികച്ച വനിതാ നീന്തൽ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്ലാസിലെ മറ്റു കുട്ടികൾ കളിച്ചുല്ലസിച്ചു നടക്കുമ്പോൾ ധിനിധിയുടെ ബാല്യം നീന്തലിനായുള്ള കഠിന പരിശീലനങ്ങളിലായിരുന്നു.    തന്റെ പ്രയത്നങ്ങൾ ഒളിംപിക്സിൽ വരെ എത്തുമെന്ന് ധിനിധിയോ മാതാപിതാക്കളോ കരുതിയിരുന്നില്ല. 

ഇത്തവണ മാത്രമല്ല, 2028ലും 2032ലും ഒളിംപിക്സിൽ മത്സരിക്കണമെന്നാണ് ധിനിധിയുടെ ആഗ്രഹം. ഏഴു തവണ ഒളിംപിക്സ് സ്വർണം നേടിയ കാറ്റി ലെഡകിയുടെ കടുത്ത ആരാധികയായ ധിനിധി പ്രിയതാരത്തെ ഇത്തവണ നേരിട്ടു കാണാമെന്ന സന്തോഷത്തിലാണ്. കാണുമ്പോൾ നൽകാൻ ഒരു ആശംസാ കാർഡും ഒരുക്കിവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com