രണ്ടു പകൽ നീണ്ട നാടകീയത; ഒടുവിൽ വെളിച്ചമെത്തി

Mail This Article
തിരുവമ്പാടി ∙ രണ്ടു പകൽ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ തിരുവമ്പാടി ഉള്ളാട്ടിൽ യു.സി.അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് തിരുവമ്പാടി സെക്‌ഷൻ ഓഫിസിലെ ഉദ്യോഗസ്ഥരെത്തി കണക്‌ഷൻ പുനഃസ്ഥാപിച്ചത്. അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലാണു കണക്‌ഷൻ. ഇദ്ദേഹത്തിന്റെ പേരിൽ 11 കണക്‌ഷനുകളാണുള്ളത്. ഇതിൽ മറ്റു പത്തെണ്ണം കൊമേഴ്സ്യൽ കണക്‌ഷനുകളാണെന്ന് കെഎസ്ഇബി ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. കണക്‌ഷൻ വിച്ഛേദിച്ചതിൽ നിയമപ്രശ്നമുണ്ടെന്ന് വിദഗ്ധർ സൂചിപ്പിച്ചിരുന്നു.
മകൻ സംഘർഷം ഉണ്ടാക്കി എന്ന ആരോപണത്തിന്റെ പേരിൽ തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള വീടിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചതിനെതിരെ റസാഖും ഭാര്യ മറിയവും ശനിയാഴ്ച രാത്രി കെഎസ്ഇബി ഓഫിസിൽ കുത്തിയിരിപ്പു സമരം നടത്തുകയും രോഗിയായ റസാഖ് തളർന്നു വീഴുകയും ചെയ്തിരുന്നു. ആശുപത്രിയിലായ ഇദ്ദേഹം ഇന്നലെ രാവിലെ ഡിസ്ചാർജ് ആയെങ്കിലും വീട്ടിൽ കയറാതെ പുറത്തു കുത്തിയിരുന്നു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നിർദേശിച്ചിരുന്നു. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് ഉത്തരവിടുകയായിരുന്നു.
ജീവനക്കാരെയോ ഓഫിസോ ആക്രമിക്കില്ലെന്ന ഉറപ്പു ലഭിച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർദേശം നൽകി. ആക്രമിക്കില്ലെന്ന ഉറപ്പു ലഭ്യമാക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ് താമരശ്ശേരി തഹസിൽദാരെ തിരുവമ്പാടിയിലേക്കയച്ചു. തഹസിൽദാർ കെ.എ.ഹരീഷ്, ഡപ്യൂട്ടി തഹസിൽദാർ പി.ഹരികൃഷ്ണ ശർമ, കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ശിവകുമാർ എന്നിവർ വീട്ടിലെത്തിയെങ്കിലും സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ കുടുംബം തയാറായില്ല. ഒടുവിൽ നിരുപാധികം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു.
അതേസമയം, അജ്മലിന്റെ മാതാവ് മറിയം നൽകിയ പരാതിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരായ അനന്തു, പ്രകാശ് എന്നിവർക്കെതിരെ കയ്യേറ്റത്തിനും അസഭ്യം പറഞ്ഞതിനും താമരശ്ശേരി പൊലീസ് കേസെടുത്തു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടങ്ങൾ പ്രതികളിൽ നിന്ന് ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചിട്ടുണ്ട്. അജ്മലും സഹോദരനും കെഎസ്ഇബി ഓഫിസിലെത്തി കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തതുവഴി 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി റിപ്പോർട്ട്. അതേസമയം താൻ ആക്രമിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നും അജ്മൽ ആരോപിക്കുന്നു.