കൂനിന്മേൽ കുരുവല്ല, കുരുക്കാണ് ഇൗ ദേശീയപാത നവീകരണം; ചരിത്രം തിരുത്തും കുരുക്ക്

Mail This Article
വടകര ∙ കൂനിന്മേൽ കുരുവല്ല, കുരുക്കാണ് ദേശീയപാതയിൽ. വടകര ഭാഗത്താണ് ഇത് ഏറ്റവും രൂക്ഷം. ദേശീയപാത വിപുലീകരണ പ്രവൃത്തിയിലെ അശാസ്ത്രീയതയാണ് ഇതിനു കാരണം. ദേശീയപാതയിൽ തുടങ്ങുന്ന കുരുക്ക് അനുബന്ധ റോഡുകളിലേക്കും നീളുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വടകരയിൽനിന്ന് കോഴിക്കോട്ട് എത്താൻ, മുൻപ് ഒരു മണിക്കൂർ മതിയായിരുന്നെങ്കിൽ ഇപ്പോൾ രണ്ടു മണിക്കൂർ മതിയാകാത്ത സ്ഥിതി! ദേശീയ പാതയിലെ കുരുക്കുമൂലം വാഹനങ്ങൾ ഇപ്പോൾ സമാന്തര റോഡുകളെ ആശ്രയിക്കുകയാണ്.
ദേശീയ പാത വഴി കോഴിക്കോട്ടു പോകേണ്ട വാഹനങ്ങൾ വടകരയിൽ നിന്ന് തിരുവള്ളൂർ റൂട്ടിലേക്ക് കയറി മണിയൂർ, ചെരണ്ടത്തൂർ റൂട്ട് വഴിയാണ് യാത്ര. ഇതു മൂലം വീതി കുറഞ്ഞ ഈ റോഡുകളിലും ഗതാഗതക്കുരുക്കു പതിവായി. വളവുകൾ ഏറെയുള്ള ഈ വഴിയിൽ ഇരു ദിശയിൽനിന്നും വലിയ വാഹനങ്ങൾ വന്നാൽ ഊരാക്കുരുക്കാവും.
ദേശീയ പാതയോടു ചേർന്നുള്ള നഗരത്തിലെ ചെറു റോഡുകളെ ആശ്രയിക്കുകയാണ് പലരും. വീതി വളരെ കുറഞ്ഞ ഈ റോഡുകളിൽ ചെറു വാഹനങ്ങൾക്കു പോലും സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത്തരം റോഡിലൂടെ പോകുന്നതു കൊണ്ട് രാവിലെയും വൈകിട്ടും എല്ലാ റോഡുകളിലും ഗതാഗതക്കുരുക്കാണ്. പണി നടക്കുന്ന ദേശീയ പാതയിൽ താൽക്കാലികമായി പണിത സർവീസ് റോഡാണ് പ്രധാന പ്രശ്നം. വീതി വളരെ കുറഞ്ഞ ഈ റോഡ് പെട്ടെന്ന് തട്ടിക്കൂട്ടിയതാണ്. ഈ റോഡിലാണെങ്കിൽ ദിവസവും വലിയ കുഴികൾ രൂപപ്പെടുകയാണ്. ഇതു മൂലം വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയുന്നില്ല.
ഈ വഴിയിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ടിപ്പറിൽ മെറ്റലും ടാറും സിമന്റും ചേർത്ത് മിശ്രിതം കുഴിയിൽ കൊണ്ടു പോയിടും. പിന്നിൽ വരുന്ന മണ്ണു മാന്തി ഇവ നിരപ്പാക്കും. തുടർന്ന് റോഡ് റോളർ കൊണ്ടു വന്ന് ഇവ അമർത്തും. 20 മിനിട്ടോളം നടത്തുന്ന ഈ പണിക്കുവേണ്ടി പിറകിലുള്ള വാഹനങ്ങൾ തടഞ്ഞിടും. ദിവസവും നഗര ഭാഗത്ത് 10 സ്ഥലത്ത് എങ്കിലും ഇതു പോലെ ചെയ്യുന്നുണ്ട്. നിലവിലുള്ള കുരുക്കിനു പുറമേ വലിയ കുരുക്കാണ് ഈ പണി നടക്കുമ്പോൾ.