ADVERTISEMENT

കോഴിക്കോട്∙ നഗരത്തിന്റെ ‘ദുരന്ത സ്മാരക’മായി കെഎസ്ആർടിസി മാവൂർ റോഡ് ടെർമിനൽ കെട്ടിടം ഏറെക്കാലം കൂടി നിലനിൽക്കുമെന്ന് ഉറപ്പായി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പണം മുടക്കാൻ തയാറല്ലെന്ന് പാട്ടക്കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ വ്യക്തമാക്കി. തുടർനടപടികൾ പിന്നീട് അറിയിക്കാമെന്ന് വ്യക്തമാക്കി യോഗം പിരിച്ചുവിട്ടു. 74.63 കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞ 11 നില കെട്ടിടത്തിന്റെ മുഖം അടുത്തൊന്നും മിനുങ്ങില്ലെന്നു വ്യക്തമായി.

മുഖ്യമന്ത്രിതല യോഗത്തിലെ തീരുമാന പ്രകാരം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുടെ ചെലവ് ഏറ്റെടുക്കണമെന്നാണ് അലിഫ് ബിൽഡേഴ്സിനോട് ചീഫ് സെക്രട്ടറിയും ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ, കരാർ ഒപ്പിട്ട് 15 ദിവസത്തിനു ശേഷം തങ്ങളെ വിളിച്ചു വരുത്തി, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ കെടിഡിഎഫ്സി സ്വന്തം ചെലവിൽ തീർത്തുതരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ആ യോഗത്തിലെ ധാരണകൾ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അലിഫ് ബിൽഡേഴ്സ് വാദിച്ചു. 

6 മാസത്തിനുള്ളിൽ പണികൾ തീർത്തുതരാമെന്ന് ഉറപ്പു നൽകിയ ശേഷം 3 വർഷം പിന്നിടുമ്പോൾ, അതിനുള്ള ചെലവ് തങ്ങൾ വഹിക്കണമെന്ന് പറയുന്നത് നീതികേടാണെന്നും അലിഫ് ബിൽഡേഴ്സ് നിലപാടെടുത്തു. അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് വഹിക്കാൻ ഒരുക്കമല്ലെന്ന് കരാറുകാർ വ്യക്തമാക്കി.

എന്നാൽ, കെട്ടിടം ഏത് അവസ്ഥയിലാണോ, അതേ നിലയിൽ ഏറ്റെടുക്കാമെന്ന വ്യവസ്ഥയോടെയാണ് കരാർ ഒപ്പിട്ടതെന്നും അത് പാലിക്കാൻ അലിഫ് ബിൽഡേഴ്സ് ബാധ്യസ്ഥരാണെന്നുമാണ് സർക്കാർ നിലപാട്. കെഎസ്ആർടിസിയുടെ ഭൂമി കെടിഡിഎഫ്സിക്കു നൽകി, അത് ബാങ്കിൽ പണയം വച്ച് 32.5 കോടി കണ്ടെത്താൻ മുൻപ് തീരുമാനിച്ചിരുന്ന വിവരം അലിഫ് ബിൽഡേഴ്സ് യോഗത്തെ അറിയിച്ചു. എന്നാൽ ഈ തലത്തിൽ നീക്കങ്ങളൊന്നുമില്ലെന്നും തുടർനടപടികൾ പിന്നീട് അറിയിക്കാമെന്നുമുള്ള ധാരണയോടെയാണ് യോഗം പിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com