ചെമ്പനോട കടന്തറ പുഴയിൽ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി

Mail This Article
ചക്കിട്ടപാറ∙ ചെമ്പനോട കൊറത്തിപ്പാറ മേഖലയിൽ കടന്തറ പുഴയിൽ കാണാതായ കർഷകൻ കൊള്ളിക്കൊളവിൽ തോമസിന്റെ(70) മൃതദേഹം പറമ്പൽ പ്രദേശത്തുനിന്ന് ഇന്നലെ വൈകിട്ടു കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് തോമസിനെ പുഴയിൽ കാണാതായത്. കൊറത്തിപ്പാറ സെമിത്തേരി ഭാഗത്തെ പുഴയോരത്തു നിന്നു തോമസിന്റെ ചെരിപ്പും ടോർച്ചും കണ്ടെത്തിയിരുന്നു.
പേരാമ്പ്ര അഗ്നിശമന സേന, പെരുവണ്ണാമൂഴി പൊലീസ്, കൂരാച്ചുണ്ട്, കക്കയം, കുറ്റ്യാടി റെസ്ക്യൂ ടീമുകൾ, നാട്ടുകാർ എന്നിവർ ചേർന്ന് വൈകിട്ടു വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും തോമസിനെ കണ്ടെത്താനായിരുന്നില്ല. പേരാമ്പ്ര ഡോഗ് സ്ക്വാഡും എത്തിയിരുന്നു. പിന്നീട് പറമ്പൽ കുരിശുപള്ളിക്കു സമീപത്തെ പുഴയിൽ കുളിക്കാൻ എത്തിയ പന്തിരിക്കര സ്വദേശികളാണ് മൃതദേഹം കണ്ട് പൊലീസിൽ അറിയിച്ചത്.
കൂരാച്ചുണ്ട് റെസ്ക്യൂ ടീമംഗങ്ങളായ ബിജു കക്കയം, മുജീബ് കോട്ടോല, ഗണേശൻ കല്ലാനോട്, സാദിഖ് ഓണാട്ട്, ചിത്രേഷ് തലയാട്, കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയംകോട് എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി.
തോമസിന്റെ ഭാര്യ: ലൂസി കോലടിപുത്തൻപുരയിൽ. മക്കൾ: ജിൻസി (ഗൾഫ്), സൗമ്യ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ബിന്നി ജോസഫ് മൂന്നുമാക്കൽ(ബെംഗളൂരു), റോയി ചെറുവിളയിൽ (ചാത്തമംഗലം). സംസ്കാരം ഇന്നു നടക്കും.