കുരുക്കിലമർന്ന് ചുങ്കം ജംക്ഷൻ; പൊലീസുകാർ രാപകൽ കഷ്ടപ്പെടേണ്ട സ്ഥിതി

Mail This Article
താമരശ്ശേരി∙ ചുങ്കം ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പൊലീസുകാർ ഗതാഗത നിയന്ത്രണത്തിനായി രാപകൽ കഷ്ടപ്പെടേണ്ട സ്ഥിതി. യാത്രക്കാർ താമരശ്ശേരി ചുങ്കത്തും ചുരത്തിലും ഒരു പോലെ അഴിയാക്കുരുക്കിൽ കിടക്കുന്നതും പതിവാണ്. കുരുക്കിനു പരിഹാരമായേക്കാവുന്ന താമരശ്ശേരി–ഓടക്കുന്ന് ദേശീയപാത ബൈപാസ് പദ്ധതി ഉപേക്ഷിച്ച നിലയിലാണ്.
ദേശീയപാത ആറുവരിയാക്കി നവീകരിക്കുന്നതിനെത്തുടർന്ന് ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചു. ഇനി പുതിയ പ്ലാനും അലൈൻമെന്റും തയാറാക്കി അംഗീകാരം നേടണം. മറ്റൊരു വഴിയായ ചുങ്കം–കുടുക്കിലുമ്മാരം– അണ്ടോണ– താഴെ പരപ്പൻപൊയിൽ ലിങ്ക് റോഡും കടലാസിൽത്തന്നെ. ഈ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ല. ചുങ്കത്ത് മേൽപാലം നിർമിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.