4 ഇൻസ്പെക്ടർമാർക്ക് വീണ്ടും സ്ഥലംമാറ്റം; മാറ്റിയവരിൽ ആട്ടൂരിന്റെ തിരോധാനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും
Mail This Article
കോഴിക്കോട് ∙ ഒരാഴ്ച മുൻപ് ജില്ലയിൽ നിയമിച്ച 35 ഇൻസ്പെക്ടർമാരിൽ 4 പേരെ വീണ്ടും മാറ്റി നിയമിച്ചു. ഇതിൽ വിവാദ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ(മാമി) തിരോധാനം അന്വേഷിക്കുന്നതിന് ഇരിട്ടിയിൽ നിന്നു നടക്കാവ് സ്റ്റേഷനിലേക്കു കഴിഞ്ഞയാഴ്ച മാറ്റി നിയമിച്ച ഇൻസ്പെക്ടർ പി.കെ.ജിജീഷും ഉൾപ്പെടും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്കാണു ജിജീഷിനെ മാറ്റിയത്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എൻ.പ്രജീഷിനെ നടക്കാവിലേക്ക് മാറ്റി. ഇവർക്കു പുറമേ ഇൻസ്പെക്ടർമാരായ എസ്.സതീഷ്കുമാർ (എലത്തൂർ കോസ്റ്റൽ സ്റ്റേഷൻ), ബൈജു കെ.ജോസ്(വെള്ളയിൽ സ്റ്റേഷൻ) എന്നിവരെയും നിയമിച്ചു.
10 മാസം മുൻപ് കാണാതായ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തേയോ സിബിഐയേയോ ചുമതലപ്പെടുത്തണമെന്ന് ആട്ടൂർ മുഹമ്മദ് (മാമി) തിരോധാന ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. 17ന് ഹർജിയിൽ പൊലീസ് റിപ്പോർട്ട് നൽകണം.
ഇതിനു മുന്നോടിയായാണ് ജിജീഷിനെ മാറ്റി നിയമിച്ചത്. ഈ കേസ് ആദ്യം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ജിജീഷാണ് അന്വേഷിച്ചിരുന്നത്. ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന സാഹചര്യത്തിൽ സിബിഐ അന്വേഷിക്കണമെന്നാണു ആക്‌ഷൻ കമ്മിറ്റി ആവശ്യം.തിരോധാനം ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർ ജിജീഷ് സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നു ചിലരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജിജീഷിനെ ഇരിട്ടിയിലേക്കു മാറ്റുകയായിരുന്നു.