ADVERTISEMENT

കോഴിക്കോട്∙ ആറു ദിവസം, പരിശോധിച്ചത് 332 എൽപിജി ഓട്ടോറിക്ഷകൾ! ഒടുവിൽ, ജീവകാരുണ്യ പ്രവർത്തകനായ പ്രതി വലയിൽ. പുലർച്ചെ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോയിൽ കയറിയ വയോധികയെ ആക്രമിച്ചു 2 പവൻ സ്വർണം കവർന്നു വഴിയിൽ തള്ളിയ കേസിൽ കുണ്ടായിത്തോട് സുരഭിക്കു സമീപം കുളത്തറമ്മൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെയാണ്(50) എസ്ഐ പി.കെ.ഇബ്രാഹിം അറസ്റ്റ് ചെയ്തത്. അപകടങ്ങളിൽ പരുക്കേറ്റു റോ‍ഡിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന സംഘത്തിലെ സജീവ പ്രവർത്തകനാണ് പ്രതി. ഇതിനാൽ, പിടികൂടിയപ്പോൾ പൊലീസിനും ആദ്യം സംശയമായിരുന്നു

വിശദമായി ചോദ്യം ചെയ്തപ്പോഴാണു കവർച്ച സമ്മതിച്ചത്. പ്രതിക്കെതിരെ നേരത്തേ ടൗൺ പൊലീസിൽ കേസുണ്ട്. രാത്രി മാത്രം ഓട്ടോ സർവീസ് നടത്തുന്ന പ്രതി സംഭവദിവസം മദ്യപിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഡപ്യൂട്ടി കമ്മിഷണർ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നായിരുന്നു അന്വേഷണം. കഴിഞ്ഞ 3നു പുലർച്ചെയാണു സംഭവം. വയനാട് പുൽപള്ളി മണവയൽ സ്വദേശി ആണ്ടുകാലായിൽ വീട്ടിൽ ജോസഫൈനെ (69) ആണ് മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം സ്വർണം കവർന്നത്. 

പരുക്കേറ്റ ജോസഫൈൻ പിന്നീട് ബന്ധുവിനെ ബന്ധപ്പെട്ട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ നല്ലളത്തു നിന്നു തിങ്കളാഴ്ച വൈകിട്ടാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങുമെന്നു കമ്മിഷണർ പറഞ്ഞു. ഓട്ടോ കസ്റ്റഡിയിലെടുത്തു. സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ കെ.മുരളീധരൻ, എ.മുഹമ്മദ് സിയാദ്, എം.ബൈജു നാഥ്, സീനിയർ സിപിഒ പി.ശ്രീജിത്ത് കുമാർ, പി.രജിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com