പടവെട്ടി മലയിലെ ചെങ്കൽ ഖനനം; ജനങ്ങൾ ഭീതിയിൽ

Mail This Article
ഓമശ്ശേരി∙ കണ്ണങ്കോട് പടവെട്ടി മലയിലെ ചെങ്കൽ ഖനനം മൂലം ജനങ്ങൾ ആശങ്കയിൽ. ദിവസവും വൻതോതിൽ ഖനനം നടക്കുന്ന ഭാഗത്ത് താമസിക്കുന്ന ജനങ്ങൾ ഭീഷണിയിലാണ്. കണ്ണങ്കോട് മലയുടെ മറ്റൊരു ഭാഗത്ത് നടന്നിരുന്ന ചെങ്കൽ ഖനനം ശക്തമായ പ്രതിഷേധം ഉണ്ടായതോടെ അധികൃതർ നിർത്തിവയ്പിച്ചിരുന്നു. ഈ ഭാഗത്തോട് ചേർന്നുള്ള പടവെട്ടിമലയിലാണ് ഇപ്പോൾ ചെങ്കൽ ഖനനം സജീവമായത്. കനത്ത മഴയത്തും ഖനനം തുടരുന്നത് മണ്ണിടിച്ചിൽ ഭീഷണി സൃഷ്ടിക്കുന്നു.
ചെങ്കുത്തായ മലയിൽ ഏക്കർ കണക്കിന് പ്രദേശത്താണ് ഖനനം. ക്വാറിക്കു താഴെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ക്വാറിയിൽനിന്നു മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. ശക്തമായ മഴയിൽ വെള്ളം ഒലിച്ചെത്തി മതിൽക്കെട്ടുകൾക്കു വിള്ളൽ വീണിട്ടുണ്ട്. അരീക്കൽ കണ്ണങ്കോട് റോഡിലൂടെ ഒട്ടേറെ ടിപ്പർ ലോറികളാണ് ദിവസവും ചെങ്കല്ലുമായി പോകുന്നത്. റോഡിൽ ചെളി നിറഞ്ഞതുമൂലം ബൈക്ക് യാത്രികർ തെന്നിവീഴുന്നു. ക്വാറിക്കെതിരെ നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ട്.