ADVERTISEMENT

വടകര ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപെട്ട് ആംബുലൻസുകൾ. തലശ്ശേരി, വടകര ഭാഗത്തു നിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലും മെഡിക്കൽ കോളജിലും പോകാൻ ബുദ്ധിമുട്ടുകയാണിപ്പോൾ.  നേരത്തേ വടകരയിൽ നിന്ന് ആംബുലൻസുകൾ 45 മിനിറ്റ് കൊണ്ടു കോഴിക്കോട് എത്തുമായിരുന്നു. ഇപ്പോൾ ഒന്നര മണിക്കൂർ എടുക്കുന്നതായി ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. ഇതിനെക്കാൾ ദുരിതം തലശ്ശേരി ഭാഗത്തു നിന്നുള്ളവർക്കാണ്. കൈനാട്ടി മുതൽ വടകര – കരിമ്പനപ്പാലം വരെ കനത്ത കുരുക്കാണ്.

നേരത്തേ കൈനാട്ടിയിൽ നിന്നു കരിമ്പനപ്പാലം വരെ ആംബുലൻസുകൾ 5 മിനിറ്റ് പോലും എടുക്കാറില്ല. ഇപ്പോൾ അര മണിക്കൂറെങ്കിലും കുടുങ്ങും.വടകര നഗരത്തിൽ 2 കിലോമീറ്റർ ദൂരത്തോളം സർവീസ് റോഡുകൾക്കു വീതി വളരെ കുറവാണ്. ഇതു മൂലം മുന്നിലുള്ള വാഹനത്തെ മറികടന്ന് പോകാ‍ൻ കഴിയില്ല. ഹൃദയാഘാതം, എല്ലു പൊട്ടൽ, ഗർഭിണികൾ തുടങ്ങിയവരെയും കൊണ്ടു കുഴികൾ താണ്ടി പോകാനും വലിയ ബുദ്ധിമുട്ടാണ്.

ദേശീയപാതയിൽ സംരക്ഷണ ഭിത്തി തകർന്ന മീത്തിലെ മുക്കാളി ഷാഫി പറമ്പിൽ എംപി സന്ദർശിച്ചപ്പോൾ.
ദേശീയപാതയിൽ സംരക്ഷണ ഭിത്തി തകർന്ന മീത്തിലെ മുക്കാളി ഷാഫി പറമ്പിൽ എംപി സന്ദർശിച്ചപ്പോൾ.

മീത്തലെ  മുക്കാളിയിലെ സംരക്ഷണഭിത്തി സന്ദർശിച്ച് ഷാഫി പറമ്പിൽ
വടകര ∙ ദേശീയപാതയിൽ സംരക്ഷണ ഭിത്തി തകർന്ന മീത്തലെ മുക്കാളി ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതായും പ്രശ്നം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം വിളിക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഇരുഭാഗത്തും താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ആർഎംപി നേതാവ് എൻ.വേണു, പി.ബാബുരാജ്, കുളങ്ങര ചന്ദ്രൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, എൻ.പി.അബ്ദുല്ല ഹാജി, നസീർ വീരോളി, കെ.പി.രവീന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഗതാഗതക്കുരുക്ക് നിയമസഭയിൽ അവതരിപ്പിച്ച് കെ.കെ. രമ 
വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകരയിലും പരിസരത്തും നേരിടുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ കെ.കെ.രമ എംഎൽഎയുടെ സബ്മിഷൻ. കാലവർഷം ശക്തിപ്പെട്ടതോടെ പാതയുടെ പണി നടക്കുന്ന മുക്കാളി, മടപ്പള്ളി, മൂരാട് പാലയാട്ട് നട എന്നിവിടങ്ങളിൽ അപകടകരമായ മണ്ണിടിച്ചിലാണ്. ഇവിടെ അപകടാവസ്ഥയിലായ വീടും ഭൂമിയും ഏറ്റെടുത്തു നഷ്ടപരിഹാരം നൽകണം.പാതയോരങ്ങളിൽ അശാസ്ത്രീയമായ ഓവുചാൽ നിർമാണം കാരണം പലയിടത്തും വൻ വെള്ളക്കെട്ടാണ്.

ചോറോട് പഞ്ചായത്തിൽ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ വഗാഡ് എന്ന കമ്പനി നടത്തുന്ന പ്രവൃത്തി അപാകത നിറഞ്ഞതാണ്. കൃത്യമായ മേൽനോട്ടം നടക്കുന്നില്ല. റോഡിനു വേണ്ടി താൽക്കാലികമായി പണിത സർവീസ് റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞു വടകര മേഖലയിൽ ഗതാഗതക്കുരുക്കു രൂക്ഷമാണെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർമാണ കമ്പനിക്കും എതിരെ നിയമ നടപടി സ്വീകരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com